ടൂറിസം മേഖലയുടെ ഗുണഫലങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലയിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരാക്കുന്ന ടുക്ക് ടുക്ക് ടൂർ പദ്ധതിക്ക് തുടക്കമായി. വിഖ്യാതമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പുറമെ പ്രാദേശികമായ സ്ഥലങ്ങളും വലിയ രീതിയിൽ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുകയും അത് വഴി ഉൾനാടൻ ടൂറിസത്തിന് കൂടുതൽ കരുത്തു പകരുകയും പദ്ധതിയുടെ ലക്ഷ്യമാണ്. വലിയവാഹനങ്ങൾ കടന്നു പോകാത്ത സ്ഥലങ്ങളിലുൾപ്പടെ ഓട്ടോറിക്ഷകൾ സഞ്ചാരികൾക്ക് സഹായകരമാകും. ഒരു പ്രദേശത്തെ, എല്ലാ സ്ഥലങ്ങളുമായും ബന്ധിപ്പിക്കുന്ന ചെറുകിട ഗതാഗത സംവിധാനമെന്നതിനു പുറമെ പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ അവയുടെ പ്രത്യേകതകൾ, കാലാവസ്ഥ, വെല്ലുവിളികൾ, സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വിവര സ്രോതസ്സ് കൂടിയാണ് ഓട്ടോറിക്ഷ സംവിധാനങ്ങൾ. കേരളത്തിന്റെ വിവിധ ഗ്രാമപ്രദേശങ്ങളിലെ അറിയപ്പെടാത്ത ടൂറിസ്റ്റ് സ്പോട്ടുകൾ കണ്ടെത്തുന്നതിനും, സഞ്ചാരികളെ സുഗമമായി പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ടുക്ക് ടുക്ക് ടൂർ വഴി സാധിക്കും. ഈ പ്രവർത്തങ്ങൾ പ്രാദേശിക വിപണിയെ ഉത്തേജിപ്പിക്കാനും, കേരളത്തിന്റെ ഗ്രാമ ജീവിതങ്ങളെ അന്താരാഷ്ട്രതലത്തിൽ എത്തിച്ച് ടൂറിസം രംഗത്ത് പുതിയ വിപണി സാധ്യതകൾ സൃഷ്ടിക്കുന്നതിനും സഹായകമാവും.
വയനാട് ജില്ലയിലാണ് പദ്ധതി പ്രാരംഭഘട്ടത്തിൽ നടപ്പാക്കുന്നത്. പ്രത്യക പരിശീലനം നേടിയ ഓട്ടോ ഡ്രൈവർമാരെ പഞ്ചായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയമിക്കും. പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെടുന്ന ഓട്ടോകളിൽ ക്യു.ആർ. കോഡും, ടൂറിസം വകുപ്പിന്റെ ലോഗോയും പതിപ്പിക്കും. ക്യു.ആർ. കോഡ് സ്കാൻ ചെയ്‌താൽ പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളറിയാൻ സാധിക്കും. ടൂറിസംവകുപ്പിന്റെ വെബ്‌സൈറ്റിൽ ഓട്ടോഡ്രൈവർമാരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടുത്തും. ഇവരെ ബന്ധപ്പെട്ടാൽ സഞ്ചാരികൾ പറയുന്ന സ്ഥലത്ത് ഓട്ടോറിക്ഷയെത്തും. കേരളത്തിന്റെ വിനോദ സഞ്ചാര സങ്കൽപ്പങ്ങൾക്ക് പദ്ധതി പുതിയ ദിശാബോധം പദ്ധതി നൽകും. അറിയപ്പെടാത്ത ഗ്രാമങ്ങളിൽ വിദേശ വിനോദ സഞ്ചാരികൾ എത്തുകവഴി അവിടുത്തെ തനതായ ഭക്ഷണങ്ങളും സംസ്കാരവും വൈവിധ്യങ്ങളും പുറം ലോകത്തെക്കെത്തുകയും അതുവഴി വലിയ വികസന സാധ്യതകൾ തുറന്നിടുകയുമാണ് പദ്ധതി.