KITS Academic Annex Block has started functioning

കിറ്റ്സ് അക്കാദമിക് അനക്സ് ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു

ടൂറിസം വകുപ്പിൻറെ മാനവ വിഭവശേഷി വികസന ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിലെ അക്കാദമിക് അനക്സ് ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു. കിറ്റ്സിനെ ടൂറിസം മാനവശേഷി വികസനത്തിൻറെ എക്സലൻസ് സെൻറർ ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ബ്ലോക്ക് ആരംഭിച്ചത്. എക്സലൻസ് സെൻററായി വികസിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പാക്കും. ഡിജിറ്റൽ മാർക്കറ്റിങ് മുതൽ ടൂറിസം സ്റ്റാർട്ടപ് വരെ ഏതു മേഖലയിലും തിളങ്ങുന്നവരായി കിറ്റ്സിലെ പഠിതാക്കളെ വാർത്തെടുക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് പുതിയതായി ആരംഭിച്ച അക്കാദമിക് ബ്ലോക്ക്. ജോലി മാത്രമല്ല ഈ മേഖലയിലെ സംരംഭ സാധ്യത കൂടി പരമാവധി പ്രയോജനപ്പെടുത്തണം.

ടൂറിസം വകുപ്പിൻറെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കിറ്റ്സിനെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ്) അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം അക്കാദമിക ഗവേഷണ പരിശീലന കേന്ദ്രമായി ഉയർത്തുന്നതിൻറെ ഭാഗമായാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചത്.
തൈക്കാട് റെസിഡൻസി കോമ്പൗണ്ടിൽ 3 കോടി 22 ലക്ഷം രൂപ ചെലവിട്ട് പൂർത്തിയാക്കിയ അക്കാദമിക് ബ്ലോക്കിന് ഏകദേശം 9000 സ്ക്വയർ ഫീറ്റ് വിസ്തീർണമാണുള്ളത്. എംബിഎ, ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കോഴ്സുകൾ, വിവിധ ഡിപ്ലോമ കോഴ്സുകൾ നടത്തുന്നതിന് ആവശ്യമായ ആറ് ക്ലാസ് മുറികൾ, ഓൺലൈൻ ടെസ്റ്റ് സെൻറർ, ഫാക്കൽറ്റി റൂമുകൾ എന്നിവ ഇതിലുണ്ട്.

ടൂറിസം മേഖലയിൽ കേരളത്തിന് ഇനിയും വലിയ സാധ്യതകളാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്ന നൂതന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ലോക സമ്പദ് വ്യവസ്ഥയുടെ ഒമ്പതു ശതമാനം വിനോദസഞ്ചാര മേഖലയിൽ നിന്നാണ്. കേരളത്തിൽ ഇത് ജിഡിപിയുടെ 10 ശതമാനമാണ്. വലിയ വളർച്ചയാണ് ലോക ടൂറിസം സംഘടന വിനോദ സഞ്ചാര മേഖലയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അത് 2024 ൽ 11.1 ട്രില്യൺ വരെ എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാറുന്ന കാലത്തിന് അനുസരിച്ച് ടൂറിസം മേഖലയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. മൈസ്, ഡെസ്റ്റിനേഷൻ വെഡ്ഡിങ്, അനുഭവവേദ്യ-ഉത്തരവാദിത്ത ടൂറിസം, ഫുഡ്-സാഹസിക ടൂറിസം തുടങ്ങി ലോകത്തിലെ തന്നെ മികച്ച തൊഴിൽദാതാവായി ഈ മേഖല മാറുകയാണ്.