അഭിമാന നെറുകയിൽ കേരള ടൂറിസം: സംസ്ഥാനത്തെ രണ്ട് ബീച്ചുകൾക്ക് അന്താരാഷ്ട്ര ബ്ലു ഫ്ളാഗ് സർട്ടിഫിക്കേഷൻ അംഗീകാരം
പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇൻറർനാഷണൽ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ അംഗീകാരം സംസ്ഥാനത്തെ രണ്ട് ബീച്ചുകൾക്ക് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചും കണ്ണൂർ ജില്ലയിലെ ചാൽ ബീച്ചുമാണ് അതുല്യമായ ഈ അംഗീകാരത്തിന് അർഹത നേടിയത്. പരിസ്ഥിതി സംരക്ഷണം, സുരക്ഷ, സുസ്ഥിരത എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത കർശന മാനദണ്ഡങ്ങൾ പാലിക്കുന്ന ബീച്ചുകൾ, ബോട്ടിംഗ് ഓപ്പറേറ്റർമാർ, മെറീനകൾ എന്നിവയ്ക്ക് ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻറൽ എഡ്യൂക്കേഷനാണ് (എഫ്ഇഇ) ഈ അന്താരാഷ്ട്ര അംഗീകാരം നൽകുന്നത്.
ബ്ലൂ ഫ്ളാഗ് ബഹുമതി കരസ്ഥമാക്കിയതിലൂടെ ആഗോളതലത്തിൽ ഈ ബീച്ചുകളുടെ ആകർഷണീയത വർധിക്കുകയും സുസ്ഥിര ടൂറിസം കേന്ദ്രമെന്ന സംസ്ഥാനത്തിൻറെ പെരുമ കരുത്താർജ്ജിക്കുകയും ചെയ്യുമെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ചു കൊണ്ട് പരിസ്ഥിതി സൗഹൃദ യാത്രാനുഭവങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന കേരളത്തിൻറെ രീതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മനോഹരമായ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സൗഹൃദ രീതികൾക്കും പ്രസിദ്ധിയാർജ്ജിച്ച കാപ്പാട്, ചാൽ ബീച്ചുകൾ ഉത്തരവാദിത്ത ടൂറിസത്തിൻറെ മഹനീയ മാതൃകകളാണ്. ശുചിത്വം, പരിസ്ഥിതി പരിപാലനം, സന്ദർശകരുടെ സുരക്ഷ എന്നിവയിൽ ഉന്നത നിലവാരം ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനത്തിൻറെ ഉദ്യമങ്ങൾക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരവാദിത്തമുള്ളതും പ്രാപ്യവുമായ ടൂറിസത്തിനായി സംസ്ഥാനം സ്വീകരിക്കുന്ന പരിശ്രമങ്ങളുടെ നേട്ടമാണ് ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷനെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. പരിസ്ഥിതി അവബോധമുള്ള സഞ്ചാരികളെ സംസ്ഥാനത്തേക്ക് കൂടുതലായി എത്തിച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് ടൂറിസം അധികൃതരും സമൂഹവും ഈ നേട്ടത്തെ നോക്കിക്കാണുന്നത്.