Pata Gold Award for Marketing Campaign was awarded to Kerala Tourism

മാർക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോൾഡ് പുരസ്കാരം കേരള ടൂറിസത്തിന് സമ്മാനിച്ചു

നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻറെ (പാറ്റ) 2023 ലെ ഗോൾഡ് പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. മാർക്കറ്റിംഗ് കാമ്പയിൻ (സ്റ്റേറ്റ് ആൻഡ് സിറ്റി-ഗ്ലോബൽ) വിഭാഗത്തിലാണ് പുരസ്കാരം.

കോവിഡിനു ശേഷം ടൂറിസം മേഖലയിലേക്ക് ആഭ്യന്തര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേരളത്തിൻറെ പ്രചാരണ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കുക, കേരളത്തിലേക്ക് വരിക’ എന്ന ആശയത്തിൽ അച്ചടി, റേഡിയോ, വിഷ്വൽ, ഒഒഎച്ച്, ഡിജിറ്റൽ, സോഷ്യൽ മീഡിയ, വെബ് പോർട്ടൽ തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരള ടൂറിസം നടപ്പാക്കിയ പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള മികച്ച അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ലക്ഷ്യസ്ഥാനങ്ങളിലൊന്നായ കേരളത്തിലേക്ക് വരാൻ സഞ്ചാരികളെ പ്രേരിപ്പിച്ചു. കേരളത്തിൻറെ ആകർഷകമായ പ്രകൃതിഭംഗിയിൽ അവധിക്കാലം ചെലവിടാനും സാഹസിക വിനോദങ്ങളിലേർപ്പെടാനും ക്ഷണിച്ചുകൊണ്ടുള്ള കാമ്പയിന് ചെറുപ്പക്കാരെ ആകർഷിക്കാനായി.

കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ഉറപ്പാക്കുന്നതിൽ കാമ്പയിൻ പ്രധാന പങ്ക് വഹിച്ചു. ആഭ്യന്തര സഞ്ചാരികൾക്കൊപ്പം ലോകമെമ്പാടുമുള്ള കേരളത്തിൻറെ പ്രധാന ടൂറിസം വിപണികളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണവും ക്രമാനുഗതമായി വർധിക്കുന്ന അവസരത്തിലാണ് ഈ പുരസ്കാര നേട്ടം.

സാഹസിക വിനോദത്തിൽ ഏർപ്പെടുന്ന യുവദമ്പതികൾ, സ്കേറ്റ്ബോർഡിൽ ഗ്രാമീണ റോഡിലൂടെ പോകുന്ന പെൺകുട്ടി, റോഡരികിലെ കടയിൽ ചായ കുടിക്കുന്ന സഞ്ചാരികൾ, മലയോരത്തെ ശാന്തമായ പ്രകൃതി ആസ്വദിക്കുന്ന കുടുംബം എന്നിവയടങ്ങിയ കേരള ടൂറിസത്തിൻറെ പ്രമോഷൻ വീഡിയോ സഞ്ചാരികളെ ഏറെ സ്വാധീനിച്ചിരുന്നു. ഇത് കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവിനെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തൽ.

ഹോങ്കോങ് ടൂറിസം ബോർഡ്, ഇൻജിയോൺ ടൂറിസം ഓർഗനൈസേഷൻ, ജെജു ടൂറിസം ഓർഗനൈസേഷൻ, കൊറിയ ടൂറിസം ഓർഗനൈസേഷൻ, നേപ്പാൾ ടൂറിസം ബോർഡ്, സബാ ടൂറിസം ബോർഡ്, തായ്വാൻ ടൂറിസം ബ്യൂറോ, ടൂറിസം അതോറിറ്റി ഓഫ് തായ് ലാൻഡ്, ടൂറിസം ഫിജി തുടങ്ങിയ രാജ്യാന്തര ടൂറിസം ലക്ഷ്യസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിൻറെ നേട്ടമെന്നത് ഏറെ ശ്രദ്ധേയമാണ്.

ഏഷ്യ-പസഫിക് മേഖലയിലെ ട്രാവൽ വ്യവസായത്തിൽ നിന്നുള്ള മികച്ച സംഭാവനകൾക്ക് പുരസ്കാരങ്ങൾ നൽകുന്ന പാറ്റ 1984 ലാണ് സ്ഥാപിതമായത്.