Kerala Tourism's 'World Flower Competition' website launched

കേരള ടൂറിസത്തിൻറെ ‘ലോക പൂക്കള മത്സരം’ വെബ്സൈറ്റ് നിലവിൽ വന്നു

ഓണാഘോഷങ്ങളുടെ ഭാഗമായി കേരള ടൂറിസം സംഘടിപ്പിക്കുന്ന ‘വിശ്വമാനവികതയുടെ ലോക പൂക്കള മത്സരം’ മൂന്നാം സീസണിൻറെ വെബ്സൈറ്റ് നിലവിൽ വന്നു. സെപ്റ്റംബർ 16 വരെ പൂക്കളങ്ങളുടെ ഫോട്ടോകൾ കേരള ടൂറിസം വെബ്സൈറ്റിലെ ലിങ്കിൽ (https://www.keralatourism.org/contest/pookkalam2023) അപ്‌ലോഡ്‌ ചെയ്യാം.

ഓൺലൈനായി സംഘടിപ്പിക്കുന്ന ലോക പൂക്കള മത്സരം-2023 ൽ ലോകമെമ്പാടുമുള്ള വ്യക്തികൾക്കും സംഘടനകൾക്കും കൂട്ടായ്മകൾക്കും പങ്കെടുക്കാം. വിവിധ വിഭാഗങ്ങളിലായി വിധിനിർണയ സമിതി തെരഞ്ഞെടുക്കുന്ന മൂന്ന് എൻട്രികൾക്ക് സമ്മാനം നൽകും. മത്സരാർഥികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. 2021-ൽ ആണ് ലോക പൂക്കള മത്സരത്തിന് ടൂറിസം വകുപ്പ് തുടക്കമിട്ടത്.

ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന മലയാളികളെ ഒറ്റയിടത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനാണ് ലോക പൂക്കള മത്സരത്തിലൂടെ രണ്ടുവർഷം മുൻപ് ടൂറിസം വകുപ്പ് തുടക്കമിട്ടത്. എണ്ണമറ്റ വിദേശി സുഹൃത്തുക്കൾ ഉൾപ്പടെ പങ്കെടുത്ത ഈ മത്സരം വലിയ സൗഹൃദ സംഗമമായി മാറി. പഴമയുടെയും ഐതിഹ്യങ്ങളുടേയും സൗന്ദര്യത്തെ ജീവിതത്തോട് ചേർത്തുപിടിക്കുന്ന മലയാളിക്ക് ഓണം ആഘോഷകാലമാണ്. പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾ ലോകത്തെ ഒരു കുടുംബമായി ഒന്നുചേർക്കുന്നു.

കോവിഡ് കാലത്ത് സംസ്ഥാന ടൂറിസം വകുപ്പ് തുടക്കമിട്ട ഓൺലൈൻ പൂക്കളം എന്ന ആശയം എല്ലാവരും ഒരേ മനസ്സോടെയാണ് ഏറ്റെടുത്തത്. മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ആളുകൾ കാത്തിരിക്കുന്ന പരിപാടിയായി ഇത് മാറി.