ഉത്തരവാദിത്ത ടൂറിസം പദ്ധതികൾക്കായി 7.05 കോടി രൂപയുടെ ഭരണാനുമതി
• മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ തൊഴിൽ പരിശീലനത്തിനായി 13.58 ലക്ഷം രൂപ അനുവദിച്ചു
കേരള റസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ 70,576,797 രൂപ അനുവദിച്ചു.
ആർടി ഫെസ്റ്റ് 2025-26 (2.85 കോടി), കേരള ഹോം സ്റ്റേ ആൻഡ് റൂറൽ ടൂറിസം മീറ്റ് (1 കോടി), ‘റസ്പോൺസിബിൾ/റസിലിയൻറ് ടൂറിസം ഡെസ്റ്റിനേഷൻസ് 2025-26’ (1,57,58,779), പങ്കാളിത്ത ടൂറിസം വികസന പദ്ധതി (93,77,718), മൂന്നാർ നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷൻ (50 ലക്ഷം), മുണ്ടക്കൈ-ചൂരൽമല ആർടി തൊഴിൽ പരിശീലനം (13,58,300), എക്സ്പീരിയൻസ് എത്നിക്/ലോക്കൽ ക്യുസീൻ നെറ്റ്വർക്ക്-കേരള അഗ്രി ടൂറിസം നെറ്റ്വർക്ക് (5 ലക്ഷം) എന്നീ പദ്ധതികൾക്കായിട്ടാണ് തുക അനുവദിച്ചത്.
ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ, ടൂർ ഓപ്പറേറ്റർമാർ, സംരംഭകർ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആർടി ഫെസ്റ്റും രജിസ്റ്റേർഡ് യൂണിറ്റുകളുടെ സംഗമവും പ്രചാരണ വിപണന മേളയും നടത്തുന്നതിനായിട്ടാണ് ആർടി ഫെസ്റ്റ്-2025-26 എന്ന പദ്ധതിയിൽ 2,85,82,000 രൂപ അനുവദിച്ചത്.
സംസ്ഥാനത്തെ ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെടുത്തുന്നതിന് വേണ്ടിയും റൂറൽ ടൂറിസവും ഹോംസ്റ്റേയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും കേരള ഹോം സ്റ്റേ ആൻഡ് റൂറൽ ടൂറിസം മീറ്റ് എന്ന പേരിൽ മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നതിനായി 1 കോടി രൂപ അനുവദിച്ചു.
‘ബാക്ക് ടു നാച്വർ ബാക്ക് ടു റൂട്ട്സ്, സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പദ്ധതി തുടർപ്രവർത്തനങ്ങൾ, സുവനീർ നെറ്റ്വർക്ക് പദ്ധതി തുടർച്ച എന്നീ പ്രവർത്തനങ്ങൾ ‘റസ്പോൺസിബിൾ/റസിലിയൻറ് ടൂറിസം ഡെസ്റ്റിനേഷൻസ് 2025-26’ ഉൾപ്പെടുന്നു. വനിതാ സൗഹൃദ ടൂറിസവും സുവനീർ നെറ്റ്വർക്ക് പദ്ധതികളും ഈ പദ്ധതിയുടെ കീഴിൽ വരുന്നു. ഫ്രഷ് അപ്പ് ഹോംസ് പദ്ധതി, ജെൻഡർ ഓഡിറ്റ്, വനിതാ സൗഹൃദ ടൂറിസം നയം വികസിപ്പിക്കൽ, താമസ സൗകര്യ യൂണിറ്റുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, വനിതാ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം തുടങ്ങിയവയാണ് വനിതാ സൗഹൃദ ടൂറിസത്തിന് കീഴിലുള്ള പ്രധാന പരിപാടികൾ.
സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിൻറെ ഭാഗമായുള്ള അനുഭവവേദ്യ ടൂറിസത്തിലൂടെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൂന്നാറിനെ നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന് 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. മൂന്നാർ ഉത്തരവാദിത്ത ടൂറിസം പങ്കാളികളുടെ യോഗം, പങ്കാളികളുടെ പരിശീലനം, ഓട്ടോ-ടാക്സി ഡ്രൈവർമാർക്കുള്ള പരിശീലനം, പ്രാദേശിക ഗൈഡുകൾക്കുള്ള പരിശീലനം, സൈനേജുകളും ബോർഡുകളും, ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമുള്ള ആർടി സർട്ടിഫിക്കേഷൻ, പ്ലാസ്റ്റിക് രഹിത ഡെസ്റ്റിനേഷൻ, ഗ്രാമ ജീവിതാനുഭവ പാക്കേജ് രൂപീകരണം, ഡെസ്റ്റിനേഷൻ പ്രഖ്യാപന പരിപാടി, വീഡിയോ ഡോക്യുമെന്റേഷൻ തുടങ്ങിയവയാണ് ഇതിലെ പ്രധാന സംരംഭങ്ങൾ.
പങ്കാളിത്ത ടൂറിസം വികസന പദ്ധതിക്കായി 93,77,718 രൂപ അനുവദിച്ചിട്ടുണ്ട്. സ്ട്രീറ്റ് പെപ്പർ മോഡൽ ആർടി വില്ലേജുകളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആർടി വില്ലേജ് പദ്ധതികളിൽ ആർട്ട് സ്ട്രീറ്റ് ഡെസ്റ്റിനേഷൻ ബ്രാൻഡിംഗ് ബോർഡുകളും സൈനേജുകളും സ്ഥാപിക്കൽ, ആർടിയിൽ യൂണിറ്റികൾക്കുള്ള സാമ്പത്തിക സഹായം, കോട്ടയത്തെ ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഫ്ളോട്ടിംഗ് മാർക്കറ്റ് തുടങ്ങിയവയാണ് ഈ പദ്ധതിയുടെ കീഴിൽ ആസൂത്രണം ചെയ്തിരിക്കുന്ന പ്രധാന സംരംഭങ്ങൾ.
2024 ജൂലൈ 30 ന് ഉണ്ടായ മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ആർടിയുടെ തൊഴിൽ പരിശീലനത്തിനായി 13,58,300 രൂപ അനുവദിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തിൽ ഉപജീവനമാർഗവും വീടും നഷ്ടപ്പെട്ട മുണ്ടക്കൈ-ചൂരൽമല നിവാസികൾക്ക് കരകൗശല വസ്തുക്കളും സുവനീറുകളും നിർമ്മിക്കുന്നതിൽ വിദഗ്ധ ഏജൻസികൾ പരിശീലനം നൽകും. പരിശീലനം ലഭിച്ച തൊഴിലാളികൾക്ക് ഒരു ആർടി യൂണിറ്റ് രൂപീകരിക്കുന്നതിനും അവരുടെ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനും സാമ്പത്തിക സഹായം നൽകും.
തനത് കേരളീയ വിഭവങ്ങൾ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം സാധാരണക്കാരായ വീട്ടമ്മമാരെ ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് വരുമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച എക്സ്പീരിയൻസ് എത്നിക്/ലോക്കൽ ക്യുസീൻ നെറ്റ്വർക്ക്’, ഫാം ടൂറിസം പ്രവർത്തനങ്ങളെ ജനകീയമാക്കുന്നതിനായുള്ള ‘കേരള അഗ്രി ടൂറിസം നെറ്റ്വർക്ക്’ എന്നീ പദ്ധതികൾക്കായി 5 ലക്ഷം രൂപയും അനുവദിച്ചു.