The government is experimenting with new technology in construction

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

സർക്കാർ നിർമ്മാണ രംഗത്ത് പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നു

പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ പാണപ്പുഴയ്ക്ക് കുറുകെ മാതമംഗലത്ത് നിർമ്മിച്ച കുഞ്ഞിത്തോട്ടം പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. സർക്കാർ നിർമ്മാണ രംഗത്ത് പുതിയ സാങ്കേതികവിദ്യ പരീക്ഷിച്ചുകൊണ്ട് നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പാലങ്ങൾ കൂടുതൽ കാലം ഈടുനിൽക്കുന്ന പുതിയ നിർമ്മാണ രീതികൾ സർക്കാർ പരിശോധിച്ചുവരികയാണ്. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക എന്നതാണ് സർക്കാറിന്റെ നയം. അതിന് നൂതന സാങ്കേതിക സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കുകയാണ്. പാലം നിർമ്മാണത്തിലും ഇത്തരം മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. കൂടുതൽ കാലം ഈട് നിൽക്കുന്ന, ചെലവ് ചുരുക്കാൻ കഴിയുന്ന, അസംസ്‌കൃത വസ്തുക്കൾ കുറവ് മാത്രം ഉപയോഗിക്കുന്ന രീതിയാണ് സംസ്ഥാനത്ത് സർക്കാർ പിന്തുടരുന്നത്. അൾട്രാ ഹൈ പെർേഫാമൻസ് ഫൈബർ റീഇൻഫോഴ്‌സ്ഡ് കോൺക്രീറ്റ് എന്ന പുതിയ മാതൃക സംസ്ഥാനത്ത് കൊണ്ടുവന്നു. പാറയും മണലും ഉൾപ്പെടെയുള്ള അംസ്‌കൃത വസ്തുക്കളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്ന നിർമ്മാണ രീതിയാണിത്. സാധാരണ കോൺക്രീറ്റിനേക്കാൾ ഈടും ഉറപ്പും നൽകുന്ന നിർമ്മാണ രീതിയാണിത്. നിലവിൽ വാണിജ്യപരമായി ലഭ്യമാവുന്ന കോൺക്രീറ്റിനേക്കാൾ മൂന്നിലൊന്ന് ചെലവ് മാത്രമേ ഇതിന് വരികയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപയ്ക്കാണ് പാലം നിർമ്മാണം പൂർത്തീകരിച്ചത്. 45 മീറ്റർ നീളത്തിൽ സിംഗിൾ സ്പാനായി 9.70 മീറ്റർ വീതിയിൽ നിർമ്മിച്ച പുതിയ പാലത്തിൽ ഒരു ഭാഗത്ത് നടപ്പാതയും 7.50 മീറ്റർ വീതിയിൽ റോഡ് ക്യാരിയേജ് വേയുമാണുള്ളത്. പാലത്തിന് മാതമംഗലം ഭാഗത്ത് 240 മീറ്റർ നീളത്തിലും പാണപ്പുഴ ഭാഗത്ത് 100 മീറ്റർ നീളത്തിലും ബി.എം. ആൻഡ് ബി.സി. നിലവാരത്തിലുള്ള സമീപന റോഡുകളുണ്ട്. കൂടാതെ സംരക്ഷണ ഭിത്തികളും ഡ്രൈയിനേജും നിർമ്മിച്ചിട്ടുണ്ട്.