വഴയില – പഴകുറ്റി നാലുവരി പാത -ആദ്യ റീച്ചിലെ റോഡ്, പാലം വർക്കുകളുടെ ടെണ്ടർ മന്ത്രിസഭ അംഗീകരിച്ചു
നെടുമങ്ങാട് വഴയില – പഴകുറ്റി നാലുവരിപ്പാതാവികസനത്തിന്റെ ഭാഗമായി ആദ്യറീച്ചിൽ ഉൾപ്പെട്ട വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള 3.9 കിലോ മീറ്റർ റോഡ് പാലം വർക്കുകളുടെ നിർമാണത്തിനുള്ള ടെണ്ടറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇപ്രകാരം 93.64 കോടി രൂപയാണ് നിർമാണ പ്രവൃത്തിക്കായി ചെലവാകുന്നത്. നാലുവരിപ്പാതവികസനത്തിന് 928.87 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചിരുന്നത്. ആദ്യ റീച്ചിൽ ഉൾപ്പെടുന്ന കരകുളം ഫ്ലൈ ഓവർ നിർമാണത്തിനായി 58.7 കോടി രൂപയുടെ അംഗീകാരം നേരത്തെ ക്യാബിനറ്റിൽ നിന്ന് ലഭിച്ചിരുന്നു. നെടുമങ്ങാട് നിവാസികളുടെ ചിരകാല സ്വപ്നമായ പദ്ധതിയാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്.
വഴയില മുതൽ കെൽട്രോൺ വരെ 9.5 കിലോ മീറ്ററും നെടുമങ്ങാട് ഠൗണിൽ പഴകുറ്റി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കച്ചേരി നട വഴി 11-ാം കല്ലു വരെയുള്ള 1.240 കിലോ മീറ്റർ ഉൾപ്പെടെ 11.240 കി.മീ. റോഡാണ് നാലുവരി പാതയിൽ ഉൾപ്പെടുന്നത്. 15 മീറ്റർ ടാറിംഗും സെന്ററിൽ 2 മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി 2 മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേസും ഉൾപ്പെടെയാണ് 21 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നത്. മൂന്ന് റീച്ചുകളിലായാണ് നിർമാണം നടക്കുന്നത്.
മേൽപാലം
375മീറ്റർ നീളമുള്ള മേൽപാലത്തിന് 25 മീറ്ററിന്റെ 15 സ്പാനുകളാണ് ഉളളത്. പ്രസ്തുത മേൽപാലം 15 മീറ്ററിന്റെ ക്യാരേജ് വേയും 0.75 മീറ്ററിന്റെ സെന്റർ മീഡിയനും ഇരുവശത്തും 0.5 മീറ്ററിന്റെ ക്രാഷ് ബാരിയറും ഉൾപ്പെടെ 16.75 മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്.
മേൽപാലത്തിന്റെ ഇരുവശങ്ങളിലുമായി 300 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും 3.5 മീറ്റർ വീതിയിൽ സർവ്വീസ് റോഡും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
കരകുളം പാലം
25 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള രണ്ട് പാലമായിട്ടാണ് കരകുളം പാലം വിഭാവനം ചെയ്തിട്ടുള്ളത്. പാലത്തിന് 7.5 മീറ്റർ ക്യാരേജ് വേയും 0.05 മീറ്ററിന്റെ ക്രാഷ് ബാരിയറും 1.5 മീറ്റർ വീതം ഇരുവശങ്ങളിലും ഫൂട്പാത്തും ഉൾപ്പെടുത്തി 21 മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്.
ആദ്യ റീച്ചിൽ പേരൂർക്കട, കരകുളം വില്ലേജുകളിൽ നിന്നായി 7 ഏക്കർ 81 സെന്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നവരുടെ പുനരധിവാസത്തിന് 190.57 കോടി രൂപയാണ് വിതരണം ചെയ്തത്.
കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് ജംഗ്ഷൻ വരെയാണ് രണ്ടാമത്തെ റീച്ച്. അരുവിക്കര, കരകുളം, നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 11 ഏക്കർ 34 സെൻറ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. പുനരധിവാസ പാക്കേജ് ലാന്റ് റവന്യു കമ്മീഷണർ അംഗീകരിച്ചിട്ടുണ്ട്. ഈ റീച്ചിൽ ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തിനായി 282 കോടി രൂപ കിഫ്ബി വകയിരുത്തിയിട്ടുണ്ട്. ഡിസംബർ മാസത്തിൽ തുക വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
വാളിക്കോട് പഴകുറ്റി പമ്പ് ജംഗ്ഷൻ മുതൽ കച്ചേരി നട 11-ാം കല്ല് വരെയാണ് മൂന്നാം റിച്ച്. 6 ഏക്കർ 80 സെൻറ് ഭൂമിയാണ് ഈ റീച്ചിൽ ഏറ്റെടുക്കുന്നത്. 322.58 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി വകയിരുത്തിയിട്ടുണ്ട്. മുന്നാമത്തെ റീച്ചിൽ വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ ഉള്ളതിനാൽ സമയബന്ധിതമായി വില നിർണ്ണയം നടത്തി മതിയായ നഷ്ട പരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.