ലോക ടൂറിസം ദിനം: ഡെസ്റ്റിനേഷൻ ദത്തെടുക്കൽ പദ്ധതിക്ക് തുടക്കമിട്ട് കേരളത്തിലെ ടൂറിസം ക്ലബ്ബുകൾ
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളർച്ചയ്ക്ക് വൃത്തിയും മനോഹാരിതയും അനിവാര്യം
സംസ്ഥാനത്തുടനീളമുള്ള ടൂറിസം കേന്ദ്രങ്ങൾ വൃത്തിയായും മനോഹരമായും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ലോക ടൂറിസം ദിനത്തിൽ ടൂറിസം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഡെസ്റ്റിനേഷൻ ദത്തെടുക്കൽ എന്ന പരിപാടിക്ക് തുടക്കമായി.
ടൂറിസവും സമാധാനവും എന്നതാണ് 2024 ലെ ടൂറിസം ദിനത്തിൻറെ പ്രമേയം. അതുമായി എറ്റവുമടുത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. മതനിരപേക്ഷതക്കും സൗഹാർദ്ദത്തിനും കേരളം പ്രശസ്തമാണ്. എറ്റവും സമാധാനമായി ജനങ്ങൾ ജീവിക്കുന്ന യൂറോപ്യൻ ജീവിത നിലവാരമുള്ള നാടാണ് കേരളം.
കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും ജനങ്ങളെല്ലാം ഒരുമിച്ച് ആഘോഷിക്കുന്നു. കേരളം എന്ന നാടിനെ കൂടുതൽ മനോഹരമാക്കുന്നത് ഈ സംസ്കാരമാണ്. മനോഹരമായ പ്രകൃതിയുള്ള നാടെന്ന നിലയിൽ കേരളത്തിൻറെ ആകർഷണീയത ഇത് വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ആതിഥ്യമര്യാദ പ്രശസ്തമാണെന്നും ഈ ഘടകങ്ങളെല്ലാം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ്.
ഉത്തരവാദിത്തത്തോടെ പെരുമാറുകയും ഡെസ്റ്റിനേഷനുകൾ ഉത്തരവാദിത്തത്തോടെ പരിപാലിക്കുകയും ചെയ്യുന്ന വിനോദസഞ്ചാരികൾ എന്നതാണ് സംസ്ഥാനത്തിൻറെ ടൂറിസം വികസനത്തിൻറെ അടിസ്ഥാനം. ടൂറിസം ക്ലബ്ബുകൾക്ക് ഇക്കാര്യത്തിൽ മികച്ച സംഭാവനകൾ നൽകാൻ സാധിക്കും.
ഡെസ്റ്റിനേഷൻ ദത്തെടുക്കുമ്പോൾ ഓരോ ടൂറിസം ക്ലബ്ബും മികച്ച മാതൃക സ്യഷ്ടിക്കണം. ടൂറിസം കേന്ദ്രങ്ങൾ വൃത്തിയും ശുചിത്വവും നിലനിർത്തുന്നത് ആകർഷണീയത വർദ്ധിപ്പിക്കും. ഓരോ ക്ലബ്ബിനും അവർ ദത്തെടുക്കുന്ന ഡെസ്റ്റിനേഷനെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അടുത്ത ടൂറിസം ദിനം വരെ ചെയ്യേണ്ട കാര്യങ്ങൾ വെച്ച് ആക്ടിവിറ്റി കലണ്ടർ തയ്യാറാക്കണം.
ടൂറിസം ക്ലബ്ബ് എന്നത് മികച്ച ആശയമാണ്. ഓരോ ക്ലബ്ബും തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ എത്രമാത്രം നിറവേറ്റുന്നു എന്നതിനെ ആശ്രയിച്ചാണ് അതിൻറെ വിജയം. ടൂറിസം മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെൻറർ സംസ്ഥാനം ആരംഭിക്കുകയാണ്. ടൂറിസം ക്ലബ്ബുകളിലെ അംഗങ്ങളിൽ പലർക്കും ഇതിലൂടെ ഭാവിയിൽ സംരംഭകരാകുന്നതിന് സാധിക്കും.
വേളി ടൂറിസം വില്ലേജ് വൃത്തിയും മനോഹരവുമാക്കുന്നതിനുള്ള തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ടൂറിസം ക്ലബ്ബ് അംഗങ്ങൾ പങ്കുവെച്ചു.