The Erumeli Bypass Road was handed over to the nation

എരുമേലി ബൈപാസ് റോഡ് നാടിന് സമർപ്പിച്ചു

കൊരട്ടി ഓരുങ്കൽ കരിമ്പിൻതോട് പാത(എരുമേലി ബൈപ്പാസ്) എരുമേലിയിൽ ഉദ്ഘാടനം ചെയ്തു. ജംഗ്ഷനുകളിലും പ്രധാന നഗരങ്ങളിലുമുള്ള കുരുക്കാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. അതിനെ തരണം ചെയ്യാൻ ബൈപാസ്, ഫ്‌ളൈ ഓവർ, അടിപ്പാതകൾ, ജംഗ്ഷൻ വികസനപദ്ധതികൾ തുടങ്ങിയ സമഗ്ര പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.
എരുമേലി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കുന്ന പാത ശബരിമല തീർത്ഥാടനത്തിന് മുതൽക്കൂട്ടാകും. കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാന പാതയിലെ കുറുവാമൂഴിയിൽ നിന്നാരംഭിച്ച് എരുമേലി-മുക്കട റോഡിൽ കരിമ്പിൻതോട്ടിൽ എത്തിച്ചേരുന്ന കൊരട്ടി ഓരുങ്കൽ കരിമ്പിൻതോട് റോഡ് കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും റാന്നി, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ പ്രദേശത്തേക്കുമുള്ള ദീർഘദൂര യാത്രികർക്ക് എരുമേലി ടൗൺ ഒഴിവാക്കി സഞ്ചരിക്കാൻ അനുയോജ്യമായ മാർഗമാണിത്‌. നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‌ സമീപത്തുകൂടിയാണ് പാത കടന്നുപോകുന്നത്.
നബാർഡ് പദ്ധതിയിൽപ്പെടുത്തി അഞ്ചുകോടി രൂപ ചെലവഴിച്ചാണ് 6.6 കിലോമീറ്റർ റോഡ് ബിഎം ബിസി നിലവാരത്തിൽ നവീകരിച്ചത്‌. കാഞ്ഞിരപ്പള്ളി– ഇടക്കുന്നം റോഡിനെയും, കാഞ്ഞിരപ്പള്ളി എരുമേലി സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇടക്കുന്നം–-കാരികുളം–കൂവപ്പള്ളി റോഡ്. പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ച അഞ്ച്‌ കോടി രൂപ ഉപയോഗിച്ച്‌ ബിഎം ബിസി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്.