കേരള ടൂറിസത്തിന് ഐ.സി.ആർ.ടി ഗോൾഡ് അവാർഡ്
എംപ്ലോയിങ്ങ് ആൻ്റ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി എന്ന കാറ്റഗറിയിൽ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമായത്.
2024 ഐ.സി.ആർ.ടി ഇന്ത്യ ചാപ്റ്ററിന്റെ ഉത്തരവാദിത്ത ടൂറിസം അവാർഡിൽ നേട്ടം കൊയ്ത് കേരള ടൂറിസം. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് അവാർഡിന് അർഹമായത്. ഈ വർഷത്തെ ഗോൾഡ് അവാർഡ് എംപ്ലോയിങ്ങ് ആന്റ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി എന്ന കാറ്റഗറിയിലാണ് ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ലഭിച്ചത്.
ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രകാരം ബേപ്പൂരിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ബേപ്പൂരിന്റെ ചരിത്രവും സംസ്കാരവും പ്രകൃതി മനോഹാരിതയും കോർത്തിണക്കിയാണ് പദ്ധതികൾ നടപ്പിലാക്കിയത്. പ്രത്യേക ടൂറിസം ഗ്രാമസഭകൾ സംഘടിപ്പിച്ചു. ടൂറിസം റിസോഴ്സ് മാപ്പിംഗ്, റിസോഴ്സ് ഡയറക്ടറി എന്നിവ തയ്യാറാക്കി. കമ്മ്യൂണിറ്റി ടൂർ പാക്കേജുകൾ, സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം, സ്ട്രീറ്റ് പദ്ധതി എന്നിവ ആരംഭിച്ചു.
പ്രാദേശികമായി നാനൂറോളം പേർക്ക് പ്രത്യേക പരിശീലനം നൽകി. ഇതിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോൽസാഹനം നൽകി. ബേപ്പൂരിലെ മെഴുകുതിരി യൂണിറ്റ് അറിയപ്പെടുന്ന ബ്രാൻഡ് ആയി മാറി. കൂടാതെ കരകൗശല നിർമ്മാണം, തനത് ഭക്ഷണ വിഭവങ്ങളുടെ വിപണനം തുടങ്ങിയ മേഖലകളിലും സംരംഭങ്ങൾ ഉയർന്നുവന്നു. വീട്ടമ്മമാർക്ക് ഉൾപ്പെടെ വരുമാനം ലഭ്യമാകുന്ന നിരവധി പ്രവർത്തനങ്ങളാണ് ബേപ്പൂരിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
തുടർച്ചയായി മൂന്നാം വർഷമാണ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷന് ഐ.സി.ആർ.ടി ഗോൾഡ് അവാർഡ് ലഭിക്കുന്നത്. 2022 – ൽ 4 ഗോൾഡ് അവാർഡുകളും 2023 ൽ ഒരു ഗോൾഡ് അവാർഡും ഉത്തരവാദിത്ത ടൂറിസം മിഷൻ നേടിയിരുന്നു. ഇതോടെ തുടർച്ചയായി 3 വർഷവും വിവിധ കാറ്റഗറികളിൽ ഗോൾഡ് അവാർഡ് നേടിയ രാജ്യത്തെ ഏക സർക്കാർ ഏജൻസിയായി ഉത്തരവാദിത്ത ടൂറിസം മിഷൻ മാറി.