ടൂറിസം വകുപ്പിൻറെ അതിഥി മന്ദിരങ്ങൾ മുഖം മിനുക്കുന്നു
പൊൻമുടിയിലെ പുതിയ ബ്ലോക്കിന് 99 ലക്ഷം
കോഴിക്കോട്, ദേവികുളം എന്നിവിടങ്ങളിലെ യാത്രി നിവാസിൽ നവീകരണം ഉടൻ ആരംഭിക്കും
സംസ്ഥാന ടൂറിസം വകുപ്പിൻറെ അതിഥി മന്ദിരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുമായി 28.5 കോടി രൂപയോളം വരുന്ന വിവിധ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പ്രകൃതിരമണീയമായ പൊൻമുടി ഗസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിൻറെ ഇൻറീരിയർ ഫർണിഷിംഗിനായുള്ള അന്തിമഘട്ട പ്രവർത്തനങ്ങൾ 99,90,960 രൂപ ചെലവിൽ പൂർത്തീകരിക്കും. ഡിസംബറോടെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
കോഴിക്കോട് ഗസ്റ്റ് ഹൗസ് വളപ്പിൽ സ്ഥിതിചെയ്യുന്ന യാത്രി നിവാസിൻറെ നവീകരണത്തിന് 9 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
2014 ൽ പ്രവർത്തനമാരംഭിച്ച ദേവികുളത്തെ യാത്രി നിവാസിന് 98 ലക്ഷം രൂപയാണ് നവീകരണത്തിനായി നൽകിയിരിക്കുന്നത്. കെട്ടിടം മോടിപിടിപ്പിക്കൽ, ഓഫീസ് മുറിയുടെ എക്സ്റ്റീരിയർ, അടുക്കളയുടെയും സ്റ്റാഫ് റൂമിൻറെയും വൈദ്യുതീകരണം, ലാൻസ്കേപ്പിംഗ് എന്നിവ അടക്കമാണിത്.
കൊല്ലത്തെ ഗസ്റ്റ് ഹൗസിൻറെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 10,39,52,619 രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. 18 മാസത്തിനകം നവീകരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
തമിഴ് നാട്ടിലെ കന്യാകുമാരിയിലുള്ള കേരളാ ഹൗസിൻറെ നവീകരണ പ്രവർത്തനങ്ങൾക്കായി 6,50,00,000 രൂപയാണ് സർക്കാർ അനുവദിച്ചത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കും.
ധാരാളം സന്ദർശകർ ദിനംപ്രതി എത്താറുള്ള സംസ്ഥാന ടൂറിസം വകുപ്പിൻറെ പ്രധാനപ്പെട്ട താമസസ്ഥലങ്ങളാണിവ. നവീകരണ പ്രവർത്തനങ്ങളിലൂടെ സൗകര്യങ്ങൾ വർദ്ധിക്കുമെന്നും ഗസ്റ്റ് ഹൗസുകളിലെ താമസം കൂടുതൽ സുഖകരവും അഹ്ളാദപ്രദവും ആകും. നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
കോഴിക്കോട് ഗസ്റ്റ് ഹൗസിൽ സ്റ്റാഫ് റൂമിനും ഡ്രൈവർമാരുടെ മുറിക്കും കാർ പാർക്കിംഗിനും വേണ്ടിയുള്ള കെട്ടിടം നിർമ്മിക്കും. കൂടാത ഇവിടെ പൊതുവായ നവീകരണ പ്രവർത്തനങ്ങൾ കൂടി നടപ്പാക്കുന്നതിനായി 66,00,000 രൂപയ്ക്കും ഭരണാനുമതി നൽകിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും.