'Industry Connect' to introduce new trends in tourism sector

ടൂറിസം മേഖലയിലെ പുതിയ പ്രവണതകൾ പങ്കാളികൾക്ക് പരിചയപ്പെടുത്താൻ ‘ഇൻഡസ്ട്രി കണക്ട്’ എന്ന സ്ഥിര സംവിധാനം കൊണ്ടു വരും. സംരംഭകർക്കും പങ്കാളികൾക്കും പ്രോത്സാഹനം നൽകി ടൂറിസം പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകും.

ഇൻഡസ്ട്രി കണക്ടിൻറെ ഭാഗമായി ടൂറിസം പങ്കാളികൾ ഉൾപ്പെട്ട ഒരു സെൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിക്കും. ഇത് മൂന്നു മാസത്തിലൊരിക്കൽ ചേരും. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന പങ്കാളികൾ നേരിടുന്ന പ്രശ്ങ്ങളെ ഇൻഡസ്ട്രി കണക്ട് പ്ലാറ്റ് ഫോം വഴി സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവരും. ഈ വർഷം മുതൽ ടൂറിസം ഇൻഡസ്ട്രിയിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് അവാർഡ് നൽകും.

അന്താരാഷ്ട്ര തലത്തിൽ കേരള ടൂറിസം ബ്രാൻഡ് സജീവമായി ശ്രദ്ധയിൽ നിലനിർത്താൻ വർഷം മുഴുവൻ നീളുന്ന മാർക്കറ്റിംഗ് കാമ്പയിൻ നടപ്പിലാക്കും. വളരെ ഊർജിതമായ രീതിയിൽ കേരള ടൂറിസത്തെ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ മാർക്കറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വർഷത്തോടെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കോവിഡിനു മുമ്പത്തെ സ്ഥിതിയിലേക്ക് എത്തിക്കുന്നതിൻറെ ഭാഗമായി കേരള ടൂറിസത്തിൻറെ പ്രധാന അന്താരാഷ്ട്ര വിപണികളായ യുകെ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ പ്രത്യേക കാമ്പയിൻ നടത്തും.

അറബ് സമ്മർ സീസണായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അവിടത്തെ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായുള്ള മാർക്കറ്റിംഗ് കാമ്പയിൻ യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നടന്നുവരികയാണ്. ഈ വർഷത്തെ അറബ് സീസണിൽ കൂടുതൽ സഞ്ചാരികൾ ജിസിസി രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്താൻ ഈ പ്രചരണം സഹായിക്കും. ‘ഇന്ത്യാസ് സമ്മർ ക്യാമ്പ്’ എന്ന സോഷ്യൽ മീഡിയ കാമ്പയിൻ വ്യാപകമായി ശ്രദ്ധിക്കപ്പെടുകയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നിരവധി സഞ്ചാരികൾ വേനലവധിക്കാലത്ത് കേരളത്തിലെത്തുകയും ചെയ്തു.

2023-24 വർഷത്തിൽ കേരള ടൂറിസം 6 അന്താരാഷ്ട്ര ടൂറിസം ട്രേഡ് ഫെയറുകളിൽ പങ്കെടുക്കുകയും യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി 13 നഗരങ്ങളിൽ ബി2ബി മീറ്റുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യക്കകത്ത് 7 പ്രമുഖ ടൂറിസം ട്രേഡ് ഫെയറുകളിലും 12 നഗരങ്ങളിൽ ബി2ബി മീറ്റുകൾ സംഘടിപ്പിക്കുകയും ചെയ്തു. 2024-25 വർഷം മെയ് മാസത്തിൽ ആഭ്യന്തര ടൂറിസം പ്രചാരണത്തിൻറെ ഭാഗമായി ഇന്ത്യക്കകത്ത് വിപുലമായ മൾട്ടിമീഡിയ കാമ്പയിൻ നടത്തി.