ഹോട്ടലുകളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും
ടാക്സി, ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിലൂടെ വിനോദസഞ്ചാര മേഖലയിൽ കേരളം രാജ്യത്തിനാകെ മാതൃകയാകും
ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട ടൂറിസം വ്യവസായ പ്രതിനിധികളുമായി ചർച്ച ചെയ്യും. ടൂറിസം മേഖലയിലെ ഡ്രൈവർമാർ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ മഹത്തായ സംഭാവനകൾ അവഗണിക്കാനാവില്ല. സ്റ്റാഫ് റൂമുകൾക്ക് പുറമെ ഡ്രൈവർമാർക്ക് മാത്രമായി രണ്ട് മുറികൾ ലഭ്യമാക്കണം.
ടൂറിസത്തിൻറെ ബ്രാൻഡ് അംബാസഡർമാരായ ഡ്രൈവർമാർ വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ചട്ടം ഉൾപ്പെടുത്താനുള്ള സാധ്യതയെപ്പറ്റി സർക്കാർ പരിശോധിക്കും. ഡ്രൈവർമാർക്ക് ശുചിമുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും.
അതിഥികളുമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് പ്രത്യേക ഐഡി കാർഡുകൾ നൽകും. മേഖല തിരിച്ചുള്ള ബോധവൽക്കരണ കാമ്പെയ്നുകളും ഓറിയൻറേഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും എത്തിപ്പെടാനുള്ള സൗകര്യപ്രദമായ വഴികളെക്കുറിച്ചുമുള്ള വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാക്കുന്നത് പരിഗണനയിലാണ്. സംസ്ഥാനത്തുടനീളമുള്ള 153 സർക്കാർ റെസ്റ്റ് ഹൗസുകളിൽ കംഫർട്ട് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.