ഏത് കാലാവസ്ഥയേയും അതിജീവിക്കുന്ന കരുത്തുറ്റ റോഡുകൾ നിർമിക്കാൻ പുത്തൻ നിർമാണ വിദ്യയുമായി പൊതുമരാമത്ത് വകുപ്പിന് കീഴിലെ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎച്ച്ആർഐ). പ്രത്യേക നിർദേശ പ്രകാരം നടത്തിയ പഠനത്തിലാണ് സംസ്ഥാനത്തെ റോഡുകൾക്കായി പുതിയ നിർമാണവിദ്യ അവതരിപ്പിച്ചത്.
കേരളത്തിലെ പാറകളിൽ സിലിക്കയുടെ അതിപ്രസരമുണ്ടെന്നും ഇത് പാറകളുടെ അമ്ല സ്വഭാവം കൂട്ടുമെന്നും പഠനം കണ്ടെത്തി. റോഡ് നിർമാണത്തിനുപയോഗിക്കുന്ന മെറ്റലിലെ അമ്ല സാന്നിധ്യം കാരണം മെറ്റലുമായി ചേർക്കുന്ന ബിറ്റുമിനസ് മിശ്രിതത്തെക്കാൾ ആകർഷണം വെള്ളത്തോട് ഉണ്ടാകുന്നു. അത് കൂടുതൽ ഈർപ്പം തങ്ങിനിൽക്കാനും അതുവഴി റോഡ് തകരാനും കാരണമാകും.
അമ്ലസ്വഭാവം കുറച്ച് റോഡിനെ കരുത്തുറ്റതാക്കാൻ ഹൈഡ്രൈറ്റഡ് ലൈം (കുമ്മായം), സിമന്റ് എന്നിവ ചേർത്ത് റോഡ് നിർമിക്കണം. റോഡ് നിർമാണത്തിന് ബിറ്റുമിൻ മിക്സ് തയ്യാറാക്കുമ്പോൾ അതിൽ ആകെ ഉപയോഗിക്കുന്ന പാറയുടെ രണ്ട് ശതമാനം ഹൈഡ്രേറ്റഡ് ലൈം, മൂന്ന് ശതമാനം സിമന്റ് എന്നിവ ചേർക്കണം.ഇത് റോഡിന്റെ ആയുസ് കൂട്ടും. നിർമാണത്തിന്റെ ഓരോഘട്ടത്തിലും ഈർപ്പത്തെ പ്രതിരോധിക്കുമോ എന്ന പരിശോധന (ടിഎസ്ആർ ) നിർബന്ധമാക്കണമെന്നും പഠനം പറയുന്നു. ആദ്യഘട്ട പഠനത്തിൽ കേരളത്തിലെ തെക്കൻ ജില്ലകളിലെ വിവിധ ക്വാറികളിൽ നിന്നുള്ള സാമ്പിളുകളാണ് ശേഖരിച്ചത്. പഠനത്തിന്റെ രണ്ടാം ഘട്ടത്തിൽ മറ്റ് ജില്ലകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കും. കൂടുതൽ വിശദമായ പഠനം തുടർന്നും നടത്തും.
കേരള സർവകലാശാല ജിയോളജി വിഭാഗത്തിന്റെ കൂടി സഹകരണത്തോടെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ 10 പേരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.
തുടർന്നു പഠനം നടത്തും
കെഎച്ച്ആർഐയുടെ കണ്ടെത്തലുകൾ ഗൗരവമേറിയതാണ്. ഇത് സംബന്ധിച്ച് സമഗ്രമായ പഠനം തുടർന്നും നടത്തും. ഒപ്പം, കാലാവസ്ഥയ്ക്ക് അനുയോജ്യമായ മറ്റു നിർമാണ രീതികളും പഠിക്കും.
കഴിഞ്ഞ കുറച്ചുനാളുകളായി നമുക്കുമുന്നിൽ ഉയരുന്ന ചോദ്യമാണ് കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകൾ എന്നത്. ഇക്കാര്യത്തിൽ വളരെ ഗൗരവമേറിയ ചില ചർച്ചകൾ ഉയർന്നുവന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മഴപ്പെയ്ത്തിലെ മാറ്റം നമ്മുടെ റോഡുകളെ എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കാൻ തീരുമാനിച്ചു. അതിനായി ദേശീയ സെമിനാറും സംഘടിപ്പിച്ചു. ഇക്കാര്യത്തിൽ കെ.എച്ച്.ആർ.ഐ. ഒരു പഠന പ്രക്രിയക്ക് തുടക്കമിട്ടിരുന്നു. അതിന്റെ ആദ്യഘട്ട റിപ്പോർട്ടാണ് ഇവിടെ തയ്യാറായിരിക്കുന്നത്. മറ്റു വകുപ്പുകൾക്കും ഇത് ഗുണകരമാകും.