ലണ്ടനിൽ സമാപിച്ച വേൾഡ് ട്രാവൽ മാർക്കറ്റിലെ (ഡബ്ല്യുടിഎം-2023) മികച്ച പവലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ലോകമെമ്പാടുമുള്ള സംരംഭകരേയും വ്യവസായികളേയും ആകർഷിക്കുന്ന രീതിയിലായിരുന്നു കേരള പവിലിയൻ ഒരുക്കിയത്. കേരളത്തിൻറെ ടൂറിസം ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിലുള്ള സ്വീകാര്യത വർധിപ്പിക്കാൻ ഡബ്ല്യുടിഎം സഹായകമായി.
ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ-ടൂറിസം വ്യാപാര മേളയായ ഡബ്ല്യുടിഎമ്മിലെ മികച്ച പവലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണിത്. വിദേശ സഞ്ചാരികളുടെ വരവ് ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ അത് വേഗത്തിലാക്കുന്നതാണ് പുതിയ നേട്ടം.
ടൂറിസം സെക്രട്ടറി കെ. ബിജുവിൻറെ നേതൃത്വത്തിലാണ് സംസ്ഥാനത്തിൻറെ ഔദ്യോഗിക പ്രതിനിധി സംഘം ഡബ്ല്യുടിഎമ്മിൽ പങ്കെടുത്തത്. നവംബർ ആറിനു ആരംഭിച്ച മൂന്നു ദിവസത്തെ ഡബ്ല്യുടിഎമ്മിൻറെ 44-ാം പതിപ്പിൽ കേരളത്തിൽ നിന്നുള്ള പതിനൊന്ന് വ്യാപാര പങ്കാളികൾ പങ്കെടുത്തു. ടൂറിസം സെക്രട്ടറി കെ. ബിജു പുരസ്കാരം ഏറ്റുവാങ്ങി.
കേരളത്തിലെ ഉത്സവാഘോഷങ്ങളെ അടയാളപ്പെടുത്തുന്ന കേരള പവലിയൻ ഡബ്ല്യുടിഎമ്മിലെ പ്രധാന ആകർഷണമായിരുന്നു. ‘ദി മാജിക്കൽ എവരി ഡേ’ എന്ന പ്രമേയത്തിൽ 126 ചതുരശ്ര മീറ്റർ സ്ഥലത്താണ് പവലിയൻ സജ്ജീകരിച്ചിരുന്നത്. ഒരു ജോടി കൂറ്റൻ കെട്ടുകാളകളുടെ പ്രതിമ കേരള പവലിയനെ ആകർഷകമാക്കി. ലോകമെമ്പാടുമുള്ള ടൂറിസം ബയേഴ്സിനെയും സെല്ലേഴ്സിനേയും ആകർഷിക്കുന്ന പ്രമുഖ ട്രാവൽ-ടൂറിസം വ്യാപാര മേളയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു കേരള പവലിയൻ.
ഡബ്ല്യുടിഎമ്മിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറാൻ കേരള പവലിയന് സാധിച്ചു. കേരളത്തിൻറെ ഉത്പന്നങ്ങൾക്കും സംരംഭങ്ങൾക്കും ആഗോള ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കേരളത്തെ അവതരിപ്പിക്കുന്ന കാർ ആൻഡ് കൺട്രിയുടെ അടുത്ത വീഡിയോയുടെ ട്രെയിലർ ലോഞ്ച് ഷോയും ഡബ്ല്യുടിഎമ്മിൻറെ ഭാഗമായുണ്ടായിരുന്നു. 1976-ലെ എഫ്1 ലോക ചാമ്പ്യനായ ഇതിഹാസ താരം ജെയിംസ് ഹണ്ടിൻറെ മകനും പ്രൊഫഷണൽ റേസിംഗ് ഡ്രൈവറുമായ ഫ്രെഡി ഹണ്ടിനൊപ്പം മലയാളികളായ ദീപക് നരേന്ദ്രനും ആഷിഖ് താഹിറും വീഡിയോയിലുണ്ട്.
അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്, പയനിയർ പേർസണലൈസ്ഡ് ഹോളിഡേയ്സ്, അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, താമര ലഷർ എക്സ്പീരിയൻസ്, ക്രൗൺ പ്ലാസ കൊച്ചി, കേരള ടൂറിസം വികസന കോർപ്പറേഷൻ, ഇൻറർസൈറ്റ് ടൂർസ് ആൻറ് ട്രാവൽസ്, സാൻറമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്, സാന്ദരി റിസോർട്ട്സ്, കോസിമ ട്രാവൽ ആൻഡ് ട്രേഡ് ലിങ്ക്സ്, സ്പൈസ് ലാൻഡ് ഹോളിഡെയ്സ് എന്നീ പങ്കാളികൾ ഉൾപ്പെടുന്നതാണ് കേരള പ്രതിനിധി സംഘം.
കേരള ടൂറിസം വകുപ്പിന് വേണ്ടി സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസാണ് കേരള പവലിയൻ സജ്ജീകരിച്ചത്.