വെട്ടുകാട് പള്ളിയെ ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും
മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ടൂറിസം അമിനിറ്റി സെൻറർ തുറന്നു
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തെ ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും. സംസ്ഥാന ടൂറിസം വകുപ്പിൻറെ പിൽഗ്രിം ടൂറിസം പദ്ധതിയിലൂടെ പൂർത്തീകരിച്ച വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ അമിനിറ്റി സെൻറർ പ്രവർത്തനം ആരംഭിച്ചു.
തീർഥാടന ടൂറിസം മേഖലയിൽ വലിയ പ്രാധാന്യമുള്ള പ്രദേശമായി ഭാവിയിൽ വെട്ടുകാടിനെ മാറ്റാനാക്കും. ശംഖുമുഖം, വേളി, വിമാനത്താവളം എന്നിവയുടെ സാമിപ്യം വെട്ടുകാടിൻറെ പ്രാധാന്യം വർധിപ്പിക്കുന്നു. എല്ലാ വിഭാഗം മനുഷ്യരും എത്തുന്ന ആരാധനാലയമാണ് വെട്ടുകാട് പള്ളി. മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിക്കുകയും എല്ലാവരെയും സ്വീകരിക്കുകയും ചെയ്യുന്ന കേരളത്തിൻറെ മനസ്സാണിത് കാണിക്കുന്നത്.
തീർഥാടന ടൂറിസത്തിൽ അനന്തസാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്നത്. ചരിത്രപ്രാധാന്യമുള്ള ഇടങ്ങളെ സംരക്ഷിക്കുകയും സഞ്ചാരികൾക്ക് ആസ്വാദ്യകരമാക്കുകയുമാണ് ലക്ഷ്യം. തിരുവിതാംകൂർ ഹെറിറ്റേജ് സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി ആരാധാനാലയങ്ങൾ ഉൾപ്പെടെയുള്ള പൈതൃക കെട്ടിടങ്ങളിലെ ദീപാലങ്കാരം തിരുവനന്തപുരം നഗരത്തെ കൂടുതൽ ആകർഷകമാക്കി.
വിവിധ പ്രദേശങ്ങളിൽ നിന്ന് ദിവസവും നൂറുകണക്കിന് തീർഥാടകർ എത്തുന്ന വെട്ടുകാട് പള്ളിയെ അന്തർദേശീയ പ്രാധാന്യമുള്ള ആത്മീയ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. അങ്ങനെ വരുമ്പോൾ ഈ പ്രദേശത്തിൻറെ ടൂറിസം സാധ്യതയും ആത്മീയ കേന്ദ്രം എന്ന നിലയിലുള്ള പ്രാധാന്യവും വർധിക്കും.
വിവിധ മതവിഭാഗങ്ങളുടെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പിൽഗ്രിം ടൂറിസം പദ്ധതിയായ തത്വമസിയുടെ ഭാഗമായി 2021 ലാണ് വെട്ടുകാട് അമിനിറ്റി സെൻററിന് തറക്കല്ലിട്ടത്. പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും തീർഥാടകർക്കുള്ള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് കോടി ചെലവിട്ട് മൂന്ന് നിലകളിലായി നിർമ്മിച്ച അമിനിറ്റി സെൻററിൽ ഒമ്പത് മുറികളും 14 ടോയ് ലറ്റുകളുമാണുള്ളത്. ഇതിനുപുറമേ ഡോർമിറ്ററി, യൂട്ടിലിറ്റി റൂം, ലോബി, വെയിറ്റിങ് ഏരിയ, കഫറ്റേരിയ, അടുക്കള, ഇലക്ട്രിക്കൽ റൂം എന്നീ സൗകര്യങ്ങളുമുണ്ട്.