39.80 കോടി രൂപയുടെ ഭരണാനുമതി: വള്ളക്കടവ് പാലം യാഥാർത്ഥ്യമാകുന്നു
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വള്ളക്കടവ് പാലത്തിന്റെ ശോചനീയാവസ്ഥയെ തുടർന്ന് പുതിയ പാലം വേണമെന്നുള്ള ജനങ്ങളുടെ ആവശ്യം യാഥാർത്ഥ്യമാകുന്നു. തിരുവനന്തപുരം നഗരത്തെ തീരപ്രദേശവും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് വളളക്കടവ് പാലം സ്ഥിതിചെയ്യുന്നത്.
1887ലാണ് ശംഖുമുഖം, ബീമാപള്ളി, വലിയതുറ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കാനായി പാർവതി പുത്തനാറിന് കുറുകെ പാലം നിർമിച്ചത്. 2022 ൽ പാലത്തിന് തകർച്ച സംഭവിച്ചതോടെ പൊതുമരാമത്ത് വകുപ്പ് താൽക്കാലിക പാലം പണിതിരുന്നു. പുതിയപാലത്തിനായി 5 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ സ്ഥലമേറ്റെടുപ്പും പാലത്തിന്റെ ഡിസൈനിൽ വന്ന മാറ്റവും കാരണം എസ്റ്റിമേറ്റ് തുക വർദ്ധിച്ചു.
ഇപ്പോൾ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ പുതിയ പാലം പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് 39.80 കോടി രൂപയുടെ ഭരണാനുമതി നൽകിയിരിക്കുകയാണ്.