ജല സാഹസിക വിനോദങ്ങൾക്കായി സ്ഥിരം അക്കാദമി ആരംഭിക്കും
കയാകിങ് ഉൾപ്പെടെയുള്ള ജല സാഹസിക വിനോദങ്ങൾക്കായി പുലിക്കയത്ത് സ്ഥിരം അക്കാദമി ആരംഭിക്കും. കേരളത്തിന്റെ ടൂറിസം കലണ്ടറിൽ ജൂലൈ മാസം അവസാനം കയാക്കിങ് ഫെസ്റ്റിവൽ എന്ന് രേഖപ്പെടുത്തും. ചാമ്പ്യൻഷിപ്പിനെക്കുറിച്ച് മുൻകൂട്ടി അറിയുന്നതിനാൽ ദേശീയ അന്തർദേശീയ താരങ്ങൾക്ക് നേരത്തെ പരിശീലനത്തിനുള്ള അവസരമാകും
വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിനൊപ്പം 2024 ലെ പാരീസ് ഒളിമ്പിക്സിനുള്ള സെലക്ഷൻ ട്രയൽ കൂടി ആദ്യമായി കേരളത്തിൽ നടന്നു എന്നതും നേട്ടമാണ്. ചെറിയ കയാക്കിങ് യൂണിറ്റുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യം ടൂറിസം വകുപ്പ് പരിഗണിക്കും. പത്തനംതിട്ട ജില്ലയിൽ കോന്നിയിലെ സീതത്തോട് 2024ൽ കയാക്കിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. കലാലയങ്ങളിലെ ടൂറിസം ക്ലബ് അംഗങ്ങളെ കേരളത്തിന്റെ ടൂറിസത്തിന്റെ പ്രചാരകരായും സംഘാടകരായും മാറ്റിത്തീർക്കാൻ സാധിച്ചിട്ടുണ്ട്.
അഡ്വഞ്ചർ മേഖലയിൽ ടൂറിസം വകുപ്പ് നൂതന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദ്യ സർഫിങ് അക്കാദമി കോഴിക്കോട് ജില്ലയിലെ ബേപ്പൂരാണ് ആരംഭിച്ചത്. വർക്കലയിൽ ഈ വർഷം ഇന്റർനാഷണൽ സർഫിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാൻ ആലോചനയുണ്ട്.
കടൽത്തീരമുള്ള എല്ലാ ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രക്കിംഗ്, ഹൈക്കിംഗ് എന്നിവയ്ക്ക് സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഇതിനായി ടൂറിസം വകുപ്പ് രേഖപ്പെടുത്തുന്ന സംസ്ഥാനത്തെ 50 ഇടങ്ങളിൽ തിരുവമ്പാടി മണ്ഡലം കൂടി ഉൾപ്പെടുത്തുന്നതിന്റെ സാധ്യത കൂടി പരിശോധിക്കും.
അന്തർദേശീയ സൈക്ലിങ് ചാമ്പ്യൻഷിപ്പിനായി വേൾഡ് സൈക്ലിങ് ഫെഡറേഷൻ അംഗീകരിച്ച ഇന്ത്യയിലെ ഏക മൗണ്ടൈൻ ടെറൈൻ ബൈക്കിങ് ട്രാക്ക് വയനാട്ടിലെ പ്രിയദർശിനി ഹിൽസിലാണ് ഒരുക്കുന്നത്. ലോകത്തിലെ പ്രഗൽഭരായ താരങ്ങൾ ഈ ചാമ്പ്യൻഷിപ്പിൽ എത്തിച്ചേരും. കൂടുതൽ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. വാഗമണ്ണിൽ പാരാ ഗ്ലൈഡിങ് ഫെസ്റ്റിവൽ ആരംഭിക്കുന്ന കാര്യം ആലോചിക്കും. ഇങ്ങനെ അഡ്വഞ്ചർ ടൂറിസം ശക്തിപ്പെടുത്തി കൂടുതൽ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിപ്പിക്കാനാണ് ശ്രമിക്കുന്നത്.