Design Policy

പൊതുമരാമത്ത് ടൂറിസം നിർമ്മിതികളിൽ കാതലായ മാറ്റം; 2023 ൽ തന്നെ ഡിസൈൻ പോളിസി നടപ്പിലാക്കി തുടങ്ങും

സംസ്ഥാനത്തെ പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ പദ്ധതികൾ കാൽനട യാത്രാ സൗഹൃദമായി രൂപകൽപ്പന ചെയ്യും . കാൽനടയാത്രക്കാരെ പരിഗണിക്കുന്നതിനൊപ്പം വനിതാ, ശിശു സൗഹൃദമായി എല്ലാ ടൂറിസം കേന്ദ്രങ്ങളും മാറണമെന്നും ഓട്ടോറിക്ഷകളെ ടൂറിസം ഉത്പന്നമായും ഓട്ടോറിക്ഷാ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരുമായി പ്രയോജനപ്പെടുത്തണമെന്നും നിർദേശമുണ്ട്.
ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായിട്ടാണ് ‘ഫ്യൂച്ചർ ബൈ ഡിസൈൻ’ എന്ന പോളിസി അവതരിപ്പിക്കുന്നത്‌.
കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ രൂപകൽപ്പന നയം തയ്യാറാക്കുന്നതിനായിട്ടാണ് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ, സൈനേജുകൾ, തെരുവുകൾ മുതലായവയുടെ രൂപകൽപ്പന സംബന്ധിച്ച് സമഗ്ര നയം തയ്യാറാക്കുന്നതിനായുള്ള ആശയങ്ങളാണ് എപ്പോൾ മുന്നോട്ടു വയ്ക്കുന്നത്.
പ്രത്യേക ടൂറിസം മേഖല, പ്രത്യേക ഹെറിറ്റേജ് മേഖല എന്നിങ്ങനെ പ്രദേശങ്ങളെ ഡിസൈൻ ചെയ്യാം. സൈനേജുകളുടെ നവീകരണം, സൈനേജുകൾക്കും ലൈറ്റിംഗിനുമുള്ള ഡിസൈൻ മാന്വൽ തയ്യാറാക്കൽ, പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തിനായി പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കുക, ക്രാഫ്റ്റ് ഡിസൈൻ സെന്ററുകൾ സ്ഥാപിക്കുക, കേരളീയ കരകൗശല വസ്തുക്കളുടെയും കലകളുടെയും ബ്രാൻഡ് സൃഷ്ടിക്കുക, കരകൗശല നിർമ്മാണ സമൂഹത്തിനെ പ്രത്യേക പരിഗണന നൽകുക, പൊതുമരാമത്ത്-ടൂറിസം സംയോജിത പ്രവർത്തനത്തിനായി കേന്ദ്രീകൃത ഡാറ്റ മാനേജ്‌മെന്റ് സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ. 2023 ൽ തന്നെ പോളിസിയിലെ മിക്ക നിർദേശങ്ങളും നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈൻ പോളിസിക്ക് സോഷ്യൽ മീഡിയയിൽ അഭൂതപൂർവ്വമായ പിന്തുണയാണ് ലഭിച്ചത്. പോളിസി നടപ്പാക്കുമ്പോൾ ഈ നിർദേശങ്ങൾ കൂടി പരിഗണിക്കും.

പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളിൽ ഡിസൈൻ കാഴ്ചപ്പാടിന് ഊന്നൽ നൽകിക്കൊണ്ടുള്ള ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ഡിസൈൻ പോളിസിയിലൂടെ ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത്, വിനോദസഞ്ചാര മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുവാൻ ഉതകുന്നതായിരിക്കും ഈ നയം.