ടൂറിസം വകുപ്പിന്റെ വികസന പദ്ധതി പൂർത്തിയായി
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മനോഹരമായ കൊടുമുടിയാണ് വയലട. ഇവിടെ എത്തിയാൽ മേഘങ്ങൾക്ക് താഴെ വെള്ളത്താൽ ചുറ്റപ്പെട്ട ഹരിതഭൂമിയും കക്കയം ഡാം റിസർവോയറിൻറെ മനോഹര കാഴ്ചകളും കാണാവുന്നതാണ്.
കോവിഡാനന്തരം പ്രാദേശിക ടൂറിസം മേഖലകൾ കേന്ദ്രീകരിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കിയ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ വയലടയെ മറ്റ് ജില്ലകളിൽ നിന്നുള്ള സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ട്.
ഇപ്പോൾ ദിവസേന നിരവധിയാളുകളെത്തുന്ന മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വയലട. ഇവിടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വികസന പദ്ധതികൾ പൂർത്തിയായിരിക്കുകയാണ്.
ഫുഡ്കോർട്ട്, കോഫിഷോപ്പ്, ശുചിമുറി, ഇരിപ്പിടങ്ങൾ, ലാൻറ്സ്കേപ്പിംഗ്, ഫെസിലിറ്റേഷൻ സെൻറർ, വ്യൂ പോയിൻറ് എന്നിങ്ങനെ വയലട സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു.