Patitthanam-Manarkad bypass for comprehensive transport development of Madhya Kerala

മധ്യകേരളത്തിന്റെ സമഗ്ര ഗതാഗത വികസനത്തിനു പട്ടിത്താനം-മണർകാട് ബൈപാസ്

വടക്ക് -തെക്ക് ജില്ലകളിലേക്ക് സുഗമമായ യാത്ര സൗകര്യം ഒരുക്കുന്നതിന് കോട്ടയം ജില്ലയിലെ വിവിധ പട്ടണങ്ങളിലെ ഗതാഗത തിരക്കുകൾ ഒഴിവാക്കി പട്ടിത്താനം-മണർകാട് ബൈപാസ് യാഥാർഥ്യമാകുന്നു. എം.സി. റോഡിൽ പട്ടിത്താനം ജംഗ്ഷനിൽ നിന്നാരംഭിച്ച് എൻ.എച്ച് 183 ൽ മണർകാട് ജംഗ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിനു 13.30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മൂന്നു ഘട്ടമായി പൂർത്തിയാക്കിയ റോഡിന്റെ നിർമാണത്തിന് 12.60 കോടി രൂപയാണ് ചെലവ്. മണർകാട് – പൂവത്തും മൂട് വരെയുള്ള ഒന്നാം ഘട്ടം 2016 ലും പൂവത്തും മൂട് മുതൽ ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ പാറകണ്ടം ജംഗ്ഷൻ വരെയുള്ള ഭാഗം 2020 ലും പൂർത്തീകരിച്ചിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങൾ സ്ഥലമെറ്റെടുപ്പ് നടപടികൾക്ക് ശേഷം 2020 ഓഗസ്റ്റിൽ ആരംഭിച്ചെങ്കിലും ഏറ്റെടുത്ത സ്ഥലങ്ങളിലെ വൃക്ഷങ്ങൾ, കെട്ടിടങ്ങൾ, വസ്തുവകകൾ തുടങ്ങിയവ നീക്കം ചെയ്ത് 2021 ലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ബൈപ്പാസ് നിർമാണം പൂർത്തിയായതോടെ സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക് ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരമടക്കം തെക്കൻ ജില്ലകളിലേയ്ക്ക് കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ടൗണുകളിലെ ഗതാഗത കുരുക്കിൽ പെടാതെ എളുപ്പത്തിൽ എത്തിച്ചേരാം.

എം.സി. റോഡിൽ നിന്ന് ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിലേക്ക് ഏറ്റുമാനൂർ നഗരം ചുറ്റാതെ പോകാനാകും. 1.80 കിലോമീറ്റർ നീളത്തിൽ ശരാശരി 16 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് 10 മീറ്റർ ശരാശരി കാരിജ് വേ നിർമിച്ചാണ് പട്ടിത്താനം – പാറകണ്ടം ഭാഗത്തെ ബൈപാസ് റോഡ് നിർമാണം പൂർത്തീകരിച്ചത്. ഏറ്റെടുത്ത ഭൂമിയിലൂടെ ഒഴുകിയിരുന്ന തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടാതെയിരിക്കാൻ ഒമ്പത് കലുങ്കുകളും അരികുചാലുകളും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ റോഡിന്റെ ഇരുവശവും സംരക്ഷണ ഭിത്തി നിർമ്മിക്കുകയും റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തങ്ങൾ നടന്നു വരികയാണ്. തിരക്കേറിയ പാറകണ്ടം – തവളകുഴി ജംഗ്ഷനുകളിൽ കെൽട്രോൺ മുഖാന്തരം 17 ലക്ഷം രൂപ ചെലവിൽ സോളാർ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് ജില്ലാ റോഡ് സുരക്ഷ അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ പാറകണ്ടം – പട്ടിത്താനം ജംഗ്ഷനുകളിൽ ട്രാഫിക് ഐലന്റുകൾ സ്ഥാപിക്കുന്നതിനായുള്ള പഠനം നടത്തുന്നതിന് നാറ്റ് പാക്കിന്റെ സേവനവും തേടിയിട്ടുണ്ട്.

https://fb.watch/gxDdmmOJVG/