24-08-2022
ചട്ടം 304 പ്രകാരം ശ്രീ.സണ്ണി ജോസഫ് എം.എല്‍.എ നല്കിയ സബ്മിഷന് ബഹു. പൊതുമരാമത്തും – ടൂറിസവും -യുവജനകാര്യവും വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നല്കുന്ന മറുപടി.
***********
പേരാവൂര്‍ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണമാണ് സബ്മിഷനിലൂടെ ശ്രീ സണ്ണി ജോസഫ് എം എൽ എ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍സ്റ്റിറ്റ്യുന്‍സി മോണിറ്ററിംഗ് സംവിധാനം വഴി ഓരോ മണ്ഡലത്തിലേയും റോഡിന്റെ സാഹചര്യം ഫലപ്രദമായി മനസിലാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട് . സി എം ടി ഫലപ്രദമായി മുന്നോട്ടു പോവുകയാണ്. മുന്‍വര്‍ഷങ്ങളേക്കാള്‍ റോഡുകള്‍ മെച്ചപ്പെട്ടോ എന്ന് മനസിലാക്കാനും പറയാനും കഴിയുന്നത് ഈ സംവിധാനം വഴിയാണ് .
പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ റോഡ്സിനു കീഴില്‍ ആകെ 344.193 കി.മീ റോഡാണ് ഉള്ളത്. നിലവില്‍ 3 ബജറ്റ് പ്രവൃത്തികളിലായി 9 കോടി രൂപയുടെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20.57 കോടി രൂപയുടെ റോഡ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ ഉള്‍പ്പെട്ടിരുന്ന 3 കോടി രൂപയുടെ റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. അതിന്റെ സാങ്കേതികാനുമതിക്കുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. വേഗത്തില്‍ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം.
പ്രധാനമായും 3 കിഫ്ബി പദ്ധതികളാണ് മണ്ഡലത്തില്‍ ഉള്ളത്. ഹില്‍ ഹൈവേയില്‍ ഉള്‍പ്പെട്ട വള്ളിത്തോട്-അമ്പായത്തോട്, അമ്പായത്തോട്-ബോയ്സ് ടൗണ്‍ എന്നീ റോഡുകള്‍ കിഫ്ബി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. മറ്റ് റോഡുകളും ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി KRFB-PMU-ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ഡലത്തിലെ റോഡ് ദൈര്‍ഘ്യത്തിനനുസരിച്ച് റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 192.51 കി.മീ റോഡ് റണ്ണിംഗ് കോണ്ട്രാക്ടില് ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് രണ്ട് കോടിയോളം രൂപയാണ് (1.92 കോടി) മണ്ഡലത്തില്‍ ചെലവഴിക്കുന്നത്. പ്രീ മണ്‍സൂണ്‍ പ്രവൃത്തികളും അവിടെ നടക്കുന്നുണ്ട്.
നിലവില്‍ സാധ്യമായ എല്ലാ വഴികളിലൂടെയും റോഡ് പരിപാലനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. മലയോരമേഖല എന്ന നിലയില്‍ കാലവര്‍ഷക്കെടുതി ശക്തമായ മണ്ഡലമാണ് പേരാവൂര്‍ മണ്ഡലം . പരമാവധി റോഡുകള്‍ ബി.എം&ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കൂടുതൽ പദ്ധതികൾ നമുക്ക് ആവിഷ്ക്കരിക്കേണ്ടതുണ്ട്. അത്തരം പദ്ധതികൾ ആവിഷ്ക്കരിക്കുമ്പോൾ പേരാവൂര്‍ മണ്ഡലത്തിലെ പ്രവൃത്തികളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കും.