പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടി
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ കൃത്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇനിമുതൽ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. തെറ്റായ പ്രവണതകളോട് സന്ധി ചെയ്യാതെ മുന്നോട്ട് പോകാനാണ് വകുപ്പ് തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളുമായുള്ള ഏകോപനം സാധ്യമാക്കുന്ന സംവിധാനമായ ഡിസ്ട്രിക് ഇന്ഫ്രാസ്ട്രെക്ച്ചര് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ഡിഐസിസി) യോഗത്തിലാണ് തീരുമാനം.
ചാലക്കുടി മണ്ഡലത്തിലെ മേലൂര്‍-പാലപ്പള്ളി-നാലുകെട്ട് റോഡിന്റെ പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാല്‍ കരാറുകാരനെ ഒഴിവാക്കി. പൂര്‍ത്തീകരിച്ച കൊടകര- കൊടുങ്ങല്ലൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ അപാകത കണ്ടെത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് സംഘത്തിന് അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ ആകെ 1971 കിലോമീറ്റര്‍ റോഡാണ് പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളത്. ഇതില്‍ 372 കിലോമീറ്റര്‍ റോഡുകളിലാണ് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളുള്ളത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാനപ്പെട്ട കാരണം. പൈപ്പിടല്‍ പ്രവൃത്തി യഥാസമയം നടക്കാത്തതും അതിനായി എടുത്ത കുഴികൾ ശരിയായ രീതിയില്‍ അടയ്ക്കാത്തതും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം ജലസേചന വകുപ്പിനെ അറിയിച്ചിട്ടുണ്ട് പ്രശ്നപരിഹാരത്തിനായി ജലസേചന വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കും. വാട്ടര്‍ അതോറിറ്റി പൈപ്പിടാനായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വ സ്ഥിതിയില്‍ തന്നെ പുനസ്ഥാപിക്കും.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വ്വേ പ്രവൃത്തികളിലെ കാലതാമസവും പ്രവൃത്തികള്‍ നടപ്പിലാക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം പരിഹരിക്കാന്‍ സംവിധാനം ഒരുക്കി.
റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉതകുന്ന തീരുമാനങ്ങള്‍ ഡിഐസിസി സംവിധാനത്തിലൂടെ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്.
* മേലൂര്‍-പാലപ്പള്ളി-നാലുകെട്ട് റോഡ് കരാറുകാരനെ ഒഴിവാക്കാന്‍ തീരുമാനം
* കൊടകര- കൊടുങ്ങല്ലൂര്‍ റോഡ് നിര്‍മ്മാണത്തിലെ അപാകത; ആഭ്യന്തര വിജിലന്‍സ് പരിശോധിക്കും
* ഡിസ്ട്രിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു.