മലയോരഹൈവേ എന്ന നാടിന്റെ പ്രതീക്ഷ
സർക്കാരിന്റെ പ്രധാന വികസന പദ്ധതികളിൽ മുൻപന്തിയിലാണ് മലയോര ഹൈവേ. മലയോര മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുന്നതാണ് ഈ പദ്ധതി. മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ കാർഷിക, വാണിജ്യ, വിനോദ സഞ്ചാര മേഖലകളിൽ വലിയ മാറ്റം കൈവരും.
കാസർഗോഡ് നന്ദരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ നിർമ്മിക്കുന്നത്. ഇതിൽ 93.69 കിലോമീറ്റർ മലയോര ഹൈവേ ഇതിനകം യാഥാർത്ഥ്യമായിക്കഴിഞ്ഞു. 314.84 കിലോമീറ്റർ റോഡ് പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. 458.82 കിലോമീറ്റർ പ്രവൃത്തി ടെണ്ടർ ചെയ്തു കഴിഞ്ഞു.ഇത്തരത്തിൽ മലയോര ഹൈവേ പദ്ധതി അതിവേഗം മുന്നോട്ട് പോകുന്നുണ്ട്.
കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പ്രവൃത്തി ആദ്യം ആരംഭിച്ചത് തിരുവമ്പാടി നിയോജകമണ്ഡലത്തിലാണ്.155 കോടി രൂപ ചിലവഴിച്ച് 34 കിലോമീറ്റർ റോഡ് നിർമ്മാണ പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. ഇതിൽ കക്കാടംപൊയിൽ ഭാഗം ബിഎം പ്രവൃത്തി ആരംഭിച്ചു. കേരളത്തിലെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള കഠിന ശ്രമങ്ങൾ നടക്കുന്നു.