കുതിക്കാം, ലെവല്‍ ക്രോസുകളില്ലാത്ത കേരളത്തിലേക്ക്
യാത്രകള്‍ തടസമില്ലാതെ മുന്നോട്ട് പോകുക എന്നത് ഏതൊരാളിന്റെയും ആഗ്രഹമാണ്. സുരക്ഷിത യാത്രക്കൊപ്പം ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് സര്‍ക്കാരിന്റെ സ്വപ്നമാണ്. ഇതിന്റെ ഭാഗമായി 72 റെയില്‍വെ മേല്പാലങ്ങള് നിര്‍മ്മിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഈ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മേല്‍പ്പാല നിര്‍മാണത്തില്‍ വലിയ പുരോഗതിയാണുള്ളത്. പദ്ധതിയിലെ ആദ്യ മേല്‍പാലം കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പാലം നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു കഴിഞ്ഞു.
ചരിത്രത്തിലാദ്യമായി 9 റെയില്‍വെ മേല്പാലങ്ങളുടെ പ്രവൃത്തി ഇപ്പോള്‍ ഒരുമിച്ച് പുരോഗമിക്കുകയാണ്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറിലാണ് ഇവ നിര്‍മ്മിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഈ രീതിയില്‍ പാലം നിര്‍മ്മിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 66 റെയില്‍വെ മേല്‍പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. കൊടുവള്ളി, തനൂര്‍ – തെയ്യാല, അകത്തേത്തറ, ചിറങ്ങര, ഗുരുവായൂര്‍, മാളിയേക്കല്‍ എന്നിവിടങ്ങളില്‍ പൈലിംഗ് പൂര്‍ത്തിയാക്കി. വാടാനംകുറിശ്ശി, ഇരവിപുരം, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ പൈലിംഗ് അവസാനഘട്ടത്തിലാണ്. ചേളാരി – ചെട്ടിപ്പടി മേല്‍പാലത്തിന്റെ പുതുക്കിയ അലൈന്‍മെന്റിന് റെയില്‍വെയുടെ അനുമതി ലഭിക്കാനുണ്ട്.
ബജറ്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 6 മേല്‍പാലങ്ങളാണുള്ളത്. ഇതില്‍ ഫറോക്ക് റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. കാരിത്താസ്, മുളന്തുരുത്തി മേല്പാലങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ബാക്കിയുള്ള റെയില്‍വെ പാലങ്ങളുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കല്‍, റെയില്‍വെയുടെ അംഗീകാരം ലഭ്യമാക്കല്‍, അലൈന്മെന്റ് നിശ്ചയിക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.