Damn one of the most beautiful beaches in the world

പാപനാശം ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്ന്

‘ ലോൺലി പ്ലാനറ്റി’ ൻറെ ബീച്ച് ഗൈഡ് ബുക്കിൽ പാപനാശം ഇടം നേടി

സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ‘ലോൺലി പ്ലാനറ്റ് ‘പ്രസിദ്ധീകരണത്തിൻറെ താളുകളിൽ ഇടം പിടിച്ച് വർക്കലയിലെ പാപനാശം ബീച്ച്. സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായാണ് ലോൺലി പ്ലാനറ്റിൻറെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്. ഗോവയിലെ പലോലം, അന്തമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു ഇന്ത്യൻ ബീച്ചുകൾ.

കേരളത്തിലെ ബീച്ച് ടൂറിസത്തിനു മുന്നിൽ അവസരങ്ങളുടെ വലിയൊരു ലോകം തുറന്നു വയ്ക്കുകയാണ് ലോൺലി പ്ലാനറ്റ്. ടൂറിസം വ്യവസായത്തിൻറെ സാധ്യതകൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം വർക്കലയിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികൾക്ക് ആവേശം പകരുന്നതാണ് പുതിയ വാർത്ത.

തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന വർക്കലയിലെ ക്ലിഫ് ബീച്ച് സംസ്ഥാനത്തെ ഒട്ടേറെ സവിശേഷതകളുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. സാമൂഹ്യ പരിഷ്കർത്താവും ആത്മീയ നേതാവുമായ ശ്രീ നാരായണഗുരു സ്ഥാപിച്ച ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ് വർക്കല.

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ വർക്കല ബീച്ചിന് ഇടം നേടാനായത് ശ്രദ്ധേയമായ അംഗീകാരമാണ് . സഞ്ചാരം വിനോദമാക്കി മാറ്റുന്നവർ ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന ആധികാരിക മാഗസിനാണ് ലോൺലി പ്ലാനറ്റ്. ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് സഞ്ചാരികളുടെ വഴികാട്ടിയാണിത്.

ലോൺലി പ്ലാനറ്റ് നൽകുന്ന അംഗീകാരം പാപനാശം ബീച്ചിൻറെ ഖ്യാതി വർധിപ്പിക്കും. വർക്കലയെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കും. വർക്കലയുടെ പ്രകൃതി മനോഹാരിതയ്ക്കും പരിസ്ഥിതി ഘടനയ്ക്കും കോട്ടമുണ്ടാക്കാതെയുള്ള പ്രവർത്തനങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മെച്ചപ്പെടുത്തും.

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞർക്കിടയിൽ ‘വർക്കല രൂപവത്കരണം’എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകൾ ഉൾപ്പെട്ട ഭൂഗർഭ സ്മാരകം പാപനാശത്തിൻറെ പ്രധാന സവിശേഷതകളിലൊന്നാണ്.

ശാന്തവും സുന്ദരവും ആണ് വർക്കല. മനോഹരമായ കടൽത്തീരങ്ങൾ, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വർക്കലയുടെ പ്രധാന ആകർഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വർക്കല കടൽത്തീരം ‘ദക്ഷിണ കാശി’ എന്നറിയപ്പെടുന്നു. ഇവയ്ക്ക് പുറമെ എല്ലാ സീസണുകളിലും ഭക്തജനങ്ങൾ ധാരാളമായി ഒത്തുകൂടുന്ന ജനാർദ്ദനസ്വാമി ക്ഷേത്രവും വിനോദ സഞ്ചാരമേഖലയിലെ പ്രധാന കേന്ദ്രമാണ്.

ലവണ ജല ഉറവ, ആയുർവ്വേദ റിസോർട്ടുകൾ, താമസ സൗകര്യങ്ങൾ. എന്നിവയും വർക്കലയിലുണ്ട്. മികച്ച പ്രകൃതി -ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലൂടെ വെൽനസ് ടൂറിസം കേന്ദ്രമായും വർക്കല അറിയപ്പെടുന്നു.

പാരാസെയിലിംഗ്, സ്കൂബ ഡൈവിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും വർക്കലയിൽ അവസരം ലഭിക്കും. സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി മാർച്ച് 29,30,31 തീയതികളിൽ കേരള ടൂറിസം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിനും വർക്കല വേദിയാകും. രാജ്യത്തെമ്പാടുമുള്ള സർഫിംഗ് അത്ലറ്റുകൾ ഇതിൻറെ ഭാഗമാകും.

നിരവധി വാട്ടർ സ്പോർട്സ് ഇനങ്ങളുള്ള വർക്കലയിൽ കഴിഞ്ഞ ഡിസംബറിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികൾ നടപ്പാക്കിയിരുന്നു. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണ് വർക്കലയിലേത്. കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്ളോട്ടിങ് ബ്രിഡ്ജിൻറെ സവിശേഷത.

പാലം അവസാനിക്കുന്നിടത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള ഒരു പ്ലാറ്റ് ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദർശകർക്ക് കടൽക്കാഴ്ചകൾ ആസ്വദിക്കാം. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാർഡുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.