കടവല്ലൂർ പഞ്ചായത്തിലെ സ്വപ്ന പദ്ധതിയായ കോടത്തുംകുണ്ട് – ഒറ്റപ്പിലാവ് റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന് ഒരുകോടി രൂപ വിനിയോഗിച്ചാണ് റോഡ് യാഥാർത്ഥ്യമാക്കിയത്.
കുറ്റിപ്പുറം ദേശീയപാതയിൽനിന്ന് നിലമ്പൂർ ദേശീയപാതയിലേയ്ക്കുള്ള എളുപ്പമാർഗം കൂടിയായ ഈ റോഡിൻ്റെ നിർമാണം പൂർത്തീകരിച്ചതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമായത്.
റോഡ് യാഥാർത്ഥ്യമായതോടെ കോടത്തുംകുണ്ട്, കൊരട്ടിക്കര, ഒറ്റപ്പിലാവ് നിവാസികൾക്ക് പ്രധാന റോഡുകളിലേക്ക് 6 കിലോമീറ്റർ വരെ ലാഭിക്കാനാവും. ചാലിശ്ശേരി, കൂറ്റനാട്, പട്ടാമ്പി തുടങ്ങിയ ഭാഗങ്ങളിലേക്ക് കൊരട്ടിക്കര, കോടത്തുംകുണ്ട് ഭാഗങ്ങളിൽ ഉള്ളവർക്കും ചങ്ങരംകുളം, എടപ്പാൾ, കുറ്റിപ്പുുറം എന്നിവിടങ്ങളിലേക്ക് ഒറ്റപ്പിലാവ് ഭാഗത്തുള്ളവർക്കും എളുപ്പത്തിൽ എത്താൻ കഴിയും.
റോഡ് യാഥാർത്ഥ്യമായതോടെ ഈ ഭാഗങ്ങളിലുള്ള സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് യാത്രാ സൗകര്യം ലഭിക്കും.