acilitation Center and Secretariat Coordination Committee for approval of tourism projects

ടൂറിസം പദ്ധതികളുടെ അനുമതിയ്ക്കായി ഫെസിലിറ്റേഷൻ സെൻററും സെക്രട്ടറിതല ഏകോപനസമിതിയും

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തിൽ(ടൂറിസം ഇൻവസ്റ്റേഴ്സ് മീറ്റ്-ടിം) ലഭിച്ചത് 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. 250 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്കുള്ള ധാരണാപത്രം താമര ലെഷർ പ്രൈവറ്റ് ലിമിറ്റഡുമായി കേരള ടൂറിസം ഒപ്പു വച്ചു.

ടൂറിസം നിക്ഷേപക സംഗമത്തിലെ നിർദ്ദേശങ്ങളും നിക്ഷേപ വാഗ്ദാനങ്ങൾക്കുമുള്ള തുടർനടപടികൾ കൈക്കൊള്ളുന്നതിനു വേണ്ടിയാണ് ഫെസിലിറ്റേഷൻ സെൻറർ പ്രവർത്തിക്കുന്നത്. സംരംഭങ്ങളുടെ അനുമതിയ്ക്ക് വേണ്ടി ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ഏകോപനസമിതിയും പ്രവർത്തിക്കും. പദ്ധതികൾക്ക് തടസ്സം നേരിട്ടാൽ ഏകോപനസമിതിയ്ക്ക് ഇടപെടാനാകും വിധമാകും ഇതിൻറെ പ്രവർത്തനം.

അഞ്ഞൂറോളം നിക്ഷേപകരും സംരംഭകരുമാണ് ടൂറിസം മേഖലയ്ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ പങ്കെടുത്തത്. 46 സ്റ്റാർട്ടപ്പുകളും ഉത്തരവാദിത്ത ടൂറിസം മേഖലയിൽ നിന്ന് 118 സംരംഭകരും സംഗമത്തിലെത്തി. സ്വകാര്യമേഖലയിലുള്ള 52 പദ്ധതികളും സർക്കാർ മേഖലയിൽ നിന്ന് 23 പദ്ധതികളും സംഗമത്തിൽ അവതരിപ്പിച്ചു. ഇതിലൂടെയാണ് ആശാവഹമായ നിക്ഷേപവാഗ്ദാനം ലഭിച്ചത്.

ടൂറിസം വകുപ്പ് അവതരിപ്പിച്ച 23 പദ്ധതികൾക്ക് പുറമെ പങ്കാളിത്ത നിർദ്ദേശമായി 16 പദ്ധതികൾ കൂടി നിക്ഷേപക സംഗമത്തിൽ ലഭിച്ചു. ഇത്തരത്തിൽ 39 പദ്ധതികൾക്കായി 2511.10 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. സംഗമത്തിൽ അവതരിപ്പിച്ച 52 സ്വകാര്യപദ്ധതികൾക്ക് പുറമെ സ്വകാര്യമേഖലയിലെ 21 പദ്ധതികൾക്കുള്ള നിക്ഷേപവാഗ്ദാനമായി 12605.55 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും ലഭിച്ചു.

ആലപ്പുഴയിലും കണ്ണൂരിലും ഹൗസ് ബോട്ട് ഹോട്ടൽ പദ്ധതികൾക്കാണ് താമര ലെഷർ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പു വച്ചത്. പൂർണമായും ഹരിതസൗഹൃദമായ നിർമ്മാണം അവലംബിച്ചുള്ള ഹോട്ടൽ പദ്ധതിയാണിത്. കമ്പനി സിഇഒ ശ്രുതി ഷിബുലാൽ, കേരള ടൂറിസം ഡയറക്ടർ എസ് പ്രേംകൃഷ്ണൻ എന്നിവർ ധാരണാപത്രം കൈമാറി.