PWD 4U: റോഡ് പരാതികൾക്ക് പരിഹാരം
* ലഭിച്ചത് 18595 പരാതികള്‍, പരിഹരിച്ചത് 13644 എണ്ണം
—
പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കാനുളള മൊബൈല്‍ ആപ്പ് ആണ് PWD 4U. റോഡിന്റെ പ്രശ്നങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിലാണ് മൊബൈല്‍ അപ്പ് തയ്യാറാക്കിയിട്ടുള്ളത്. 2021 ജൂണില്‍ ആരംഭിച്ച PWD 4U ആപ്പ് വഴി ഇതുവരെ 18595 പരാതികള്‍ ലഭിച്ചു. അതില്‍ 13,644 പരാതികളില്‍ പൂര്‍ണ്ണമായും പരിഹരിച്ചു. പരാതികളുടെ തുടര്‍നടപടികള്‍ ആപ്പ് വഴി അറിയാനാകും.
PWD 4U വഴി ലഭിച്ച പരാതികളില്‍ 75 ശതമാനത്തോളം പരിഹാരിച്ചിട്ടുണ്ട്. പരാതികളും പരിഹരിച്ചവയും താഴെ പറയുന്ന രീതിയിലാണ്. തിരുവനന്തപുരം 1984(1550), കൊല്ലം 1346 (1071), ആലപ്പുഴ 1211 (1029), പത്തനംതിട്ട 952 (654), കോട്ടയം 1603 (1333), ഇടുക്കി 795 (661), എറണാകുളം 1362 (926), മൂവാറ്റുപുഴ(സബ്ഡിവിഷന്) 1005 (651), തൃശ്ശൂര്‍ 1388 (749), പാലക്കാട് 1018(509), മലപ്പുറം 1752 (1310), കോഴിക്കോട് 1643 (1475), വയനാട് 380 (266), കണ്ണൂര്‍ 1489(1036), കാസറഗോഡ് 667(424). PWD 4U ആപ്പ് വഴി ലഭിക്കുന്ന പരാതികളുടെ നിജസ്ഥിതി ഉദ്യാഗതലത്തില് താഴെതട്ടില്‍ അന്വേഷിക്കുകയും പരാതികളില്‍ പറയുന്നവ ശരിയാണോ എന്ന് കൃത്യമായി മനസിലാക്കുന്നു. തുടര്‍ന്ന് പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുന്നവയാണെങ്കില്‍ അവയില്‍ വളരെ പെട്ടെന്ന് നടപടിയെടുക്കുന്നു. ഒരാഴ്ച കൊണ്ടോ, മൂന്ന് മാസം കൊണ്ടോ തീര്‍ക്കാവുന്ന രീതിയിലാണ് പരാതികളെ തരംതിരിക്കുന്നത്. കൂടുതല്‍ സമയമെടുത്ത് ചെയ്യേണ്ട പാലം പോലെയുള്ള പരാതികളില്‍ സമയമെടുത്ത് പിഡബ്ലുഡി പരിഹാരം കണ്ടെത്തുന്നു.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും PWD 4U ആപ്പ് ഡണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ആപ്പിന്റെ ഐഒഎസ് വേര്‍ഷനും ലഭ്യമാണ്. പൊതുമരാമത്ത് വകുപ്പിലെ റോഡുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി നടന്നു വരികയാണ്. ഡിജിറ്റലൈസ് ചെയ്ത 4000 കിലോമീറ്റര്‍ റോഡുകളുടെ വിവരം ഈ ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ 4000 കിലോമീറ്ററിലെ വിവരം അപ്ലോഡ് ചെയ്താല്‍ ഉടന്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. 29,000 കിലോമീറ്ററോളം റോഡിന്റെ ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കാനുണ്ട്. ഇത് നടന്നു വരികയാണ്. ഈ റോഡുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ അപ്ലോഡ് ചെയ്താല്‍ കേന്ദ്രീകൃത സംവിധാനത്തിലെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നത്. ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുകയും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം.