Survey reports that Kumarakom ranks first in average revenue from hotel-resort rooms

ഹോട്ടൽ-റിസോർട്ട് മുറികളിൽ നിന്നുള്ള ശരാശരി വരുമാനത്തിൽ കുമരകം ഒന്നാമതെന്ന് സർവേ റിപ്പോർട്ട്

ഹോട്ടലിവേറ്റിൻറെ അഖിലേന്ത്യാ സർവ്വേയിൽ കോവളത്തിന് മൂന്നാം സ്ഥാനം

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ലഭ്യമായ മുറികളുടെ വരുമാനം മുൻനിർത്തിയുള്ള ദേശീയ സർവേയിൽ കുമരകം ഒന്നാമത്. ഹോട്ടൽ മുറികളിൽ നിന്ന് കൂടുതൽ ശരാശരി വരുമാനം ലഭിക്കുന്ന ജനപ്രിയ വിനോദകേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളുമായി ബന്ധപ്പെട്ട സർവേയിലാണ് കുമരകത്തിന് നേട്ടം. ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ‘റെവ്പർ’ മാനദണ്ഡമാക്കി് കൺസൾട്ടിംഗ് സ്ഥാപനമായ ഹോട്ടലിവേറ്റാണ് സർവേ നടത്തിയത്.

‘ഇന്ത്യൻ ഹോസ്പിറ്റാലിറ്റി ട്രെൻഡ്സ് ആൻഡ് ഓപ്പർച്യുണിറ്റീസ്’ എന്ന സർവേയിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. സർവേ റിപ്പോർട്ടിൻറെ 26-ാം പതിപ്പിലെ വിവരങ്ങൾ അനുസരിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ കുമരകത്തെ ഹോട്ടൽ-റിസോർട്ട് മുറികളിൽ നിന്നുള്ള ശരാശരി വരുമാനം 11,758 രൂപയാണ്. റെവ്പർ മാനദണ്ഡമനുസരിച്ച 10,506 രൂപ വരുമാനമുള്ള ഋഷികേശാണ് രണ്ടാം സ്ഥാനത്ത്.

മികച്ച 15 ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ കോവളം മൂന്നാം സ്ഥാനത്തുണ്ട്. 9,087 രൂപയാണ് കോവളത്തെ ഹോട്ടൽ മുറികളിലൊന്നിൽ നിന്ന് റെവ്പർ മാനദണ്ഡമനുസരിച്ച് ലഭിക്കുന്ന ശരാശരി വരുമാനം. മുംബൈ (7,226 രൂപ), ഡൽഹി (6,016 രൂപ) എന്നീ മെട്രോകൾ യഥാക്രമം ആറ്, പതിനൊന്ന് സ്ഥാനങ്ങളിലാണ്.

സ്റ്റാർ കാറ്റഗറി, അഡ്മിനിസ്ട്രേറ്റീവ് സോണുകൾ, 20 പ്രധാന ഹോട്ടൽ മാർക്കറ്റുകൾ എന്നിവയെ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടിനായി രാജ്യത്തെ 1,540 ഹോട്ടലുകളിലെ 1,65,172 മുറികളെ പരിഗണിച്ചിരുന്നു. താമസം ഉള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ മുറികളേയും സർവ്വേയിൽ ഉൾപ്പെടുത്തി.

കേരളത്തിലെ വിനോദസഞ്ചാര മേഖല വൻവളർച്ചയുടെ പാതയിലാണെന്ന് സർവേയിലൂടെ വ്യക്തമാകുന്നു. കോവിഡ് മഹാമാരിയിലൂടെ ടൂറിസം മേഖലയ്ക്കുണ്ടായ മാന്ദ്യത്തിൽ നിന്ന് കേരള ടൂറിസം പൂർണമായും കരകയറിയതിൻറെ സൂചനയാണിത് .

വേമ്പനാട് കായലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന കനാലുകളും കായലുകളും നിറഞ്ഞ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. ആഗോളതലത്തിൽ അംഗീകാരം നേടിയ കേരളത്തിൻറെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിൽ കുമരകത്തിൻറെ പൈതൃകത്തിനും അവിടുത്തെ ജനങ്ങളുടെ ജീവിതശൈലിയ്ക്കുമൊക്കെ വലിയ പ്രാധാന്യമുണ്ട്.

ഈ വർഷമാദ്യം കുമരകത്ത് ജി 20 രാജ്യങ്ങളിലെ ഷെർപ്പകളുടെ യോഗം സംഘടിപ്പിച്ചിരുന്നു. വെള്ളപ്പൊക്കവും കോവിഡും സംസ്ഥാനത്തിൻറെ ടൂറിസം പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിട്ടും ഈ നേട്ടത്തിലേക്ക് എത്താനായെന്നതും ശ്രദ്ധേയമാണ്.

കുമരകവും കോവളവും കൂടാതെ പട്ടികയിലെ ആദ്യ 15 സ്ഥാനങ്ങളിൽ ശ്രീനഗർ (4), ഉദയ്പൂർ (5), ഗോവ (7), മുസ്സൂറി (8), രൺതംബോർ (9), മഹാബലേശ്വർ (10), ഷിംല (12), വാരണാസി (13), ഊട്ടി (14), ലോണാവ്ല (15) എന്നിവയാണുള്ളത്.