Price portal ensuring transparency and timeliness

സുതാര്യത ഉറപ്പാക്കുന്നതിനും സമയബന്ധിതമായി പൊതുമരാമത്ത് പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനുമുള്ള സർക്കാരിന്റെ ചുവടുവയ്പ്പാണ് ഗവ. കരാറുകാർക്കായി നടപ്പാക്കിയ പ്രൈസ് പോർട്ടൽ. വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി കരാറുകാർക്കായി തയ്യാറാക്കിയ സോഫ്റ്റ് വെയറായ പ്രൈസ് പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു.

സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം കരാറുകാരും പങ്കാളികളാണ്. ഭൂരിപക്ഷം കരാറുകാരും നല്ല നിലയിൽ പ്രവർത്തികൾ നടത്തുന്നവരാണ്. എന്നാൽ ഒരു ന്യൂനപക്ഷം ഇതിന് അപവാദമാണ്. അത്തരക്കാർക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

കടലാസ് രഹിത കാര്യാലയമാക്കി പൊതുമരാമത്ത് വകുപ്പിനെ മാറ്റുകയാണ് സർക്കാർ നയം. ബില്ലുകളുടെ ഹാർഡ് കോപ്പി ആവശ്യമില്ലാതിരിക്കെ ചില ഓഫീസുകളിൽ ഇപ്പോഴും കരാറുകാരോട് ഹാർഡ് കോപ്പി ആവശ്യപ്പെടുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. ഇത്തരം തെറ്റായ പ്രവണതകൾ നിലനിർത്തില്ല.

പൊതുമരാമത്തിലുൾപ്പെടെ ഒന്നിലും ഇടനിലക്കാരെ ആശ്രയിക്കാനിടയാക്കാത്ത സുതാര്യതയാണ് സർക്കാരിന്റെ ഉദ്ദേശം. ഇ.മെഷർമെന്റുൾപ്പെടെ സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള നിരവധി പരിഷ്കാരങ്ങളാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്.മെച്ചപ്പെട്ട സേവനം പരമാവധി വേഗത്തിൽ ജനങ്ങൾക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ബില്ലുകളുടെ കുടിശിഖ ഉൾപ്പെടെ കരാറുകാർ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വകുപ്പ് തയ്യാറാണ്. ഇതിനായി ഉദ്യോഗസ്ഥരും കരാറുകാരുമുൾപ്പെട്ട ഒരു സമിതി നിലവിലുണ്ട്.ഡി.എസ്.ആർ ഉൾപ്പെടെ കരാറുകാർ ഉന്നയിച്ച ആവശ്യങ്ങളിൽ പലതിലും ധനവകുപ്പുമായി നിരന്തരമായ ചർച്ചകൾ നടത്തിവരികയാണ് .