Mission 2030 to increase share of tourism in state GDP to 20 percent

ടൂറിസം മേഖലയിലെ നിക്ഷേപം ആകർഷിക്കാൻ സബ് സിഡി, ധനസഹായം

സംസ്ഥാനത്തിൻറെ ടൂറിസം മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും ജിഡിപിയിൽ നൽകുന്ന ടൂറിസം വിഹിതം 20 ശതമാനമാക്കുന്നതിനും മിഷൻ 2030 പദ്ധതി രേഖ അവതരിപ്പിക്കും. വിശദമായ പദ്ധതി രേഖ അടുത്ത വർഷമാദ്യം പ്രകാശനം ചെയ്യും.

സംസ്ഥാനത്തിൻറെ ടൂറിസം വിഭവശേഷി പൂർണമായും ഉപയോഗപ്പെടുത്തുന്നതിനായി സ്വകാര്യനിക്ഷേപം വലിയ തോതിൽ ആകർഷിക്കേണ്ടതുണ്ട്. വിവിധ ടൂറിസം സാധ്യതകൾ സർക്കാർ കണ്ടെത്തി സ്വകാര്യ നിക്ഷേപകർക്കും സംരംഭകർക്കുമായി തുറന്ന് നൽകുകയുമാണ് ചെയ്യുന്നത്. സുസ്ഥിരവികസന ലക്ഷ്യങ്ങൾ, പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്ത ടൂറിസം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വേണം പദ്ധതികൾ നടപ്പാക്കേണ്ടത്. ഇതിനെല്ലാം ഉപരിയായി പൊതു സ്വകാര്യ പങ്കാളിത്തം ത്വരിതപ്പെടുത്തുന്നതിന് സമഗ്രമായ പിന്തുണ, സബ് സിഡി, ധനസഹായം എന്നിവ സർക്കാർ ഉറപ്പു നൽകും. ടൂറിസം ഇൻവസ്റ്റേഴ്സ് മീറ്റിലെ നിർദ്ദേശങ്ങളിൽ തുടർനടപടികൾ എടുക്കുന്നതിന് ടൂറിസം വകുപ്പിൽ ഫെസിലറ്റേഷൻ സെൻറർ തുടങ്ങും.

കാസർകോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയപാത 2025 ൽ പൂർത്തിയാകും. ഒമ്പത് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടുളള
തീരദേശ പാതയും പൂർത്തീകരിക്കാൻ പോവുകയാണ്. ഇതോടെ ഓരോ അമ്പത് കി.മി ഇടവിട്ട് ടൂറിസം കേന്ദ്രങ്ങളുള്ള പ്രകൃതി മനോഹരമായ തീരദേശ റോഡ് ഇതോടെ സംസ്ഥാനത്തുണ്ടാകും. രാജ്യത്തെ തന്നെ ഏറ്റവും ദൃശ്യമനോഹരമായ മലയോര ഹൈവേ പൂർത്തീകരണത്തിനൊരുങ്ങിക്കഴിഞ്ഞു. ഇത്തരം അടിസ്ഥാന സൗകര്യവികസനത്തിൻറെ പ്രധാന ഗുണഭോക്താക്കൾ ടൂറിസം മേഖലയാണ്.

മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് അടിമുടി മാറ്റത്തിന് ടൂറിസം മേഖല തയ്യാറെടുക്കണം. വർഷം മുഴുവൻ ഏതു സീസണിലും സന്ദർശിക്കാവുന്ന പ്രദേശമായി കേരളത്തെ ലോകവിപണിയ്ക്കു മുന്നിൽ അവതരിപ്പിക്കാൻ സംരംഭകർ തയ്യാറാകണം. ടൂറിസം സംരംഭങ്ങൾക്ക് അനുമതി, ലൈസൻസ് എന്നിവയ്ക്കായി ഏകജാലക സംവിധാനവും ഉടൻ നടപ്പാക്കും. നിയമപരമായ തടസ്സങ്ങളില്ലാത്ത പദ്ധതികൾ നടപ്പാക്കുന്നതിൽ കാലതാമസം ഒഴിവാക്കും.

കേരള ടൂറിസം ലോകത്തിന് തന്നെ പഠന വിഷയമായിരിക്കുകയാണ്. ഉത്തരവാദിത്ത ടൂറിസം ലോകത്തിന് മാതൃകയായി. ടൂറിസംസംരംഭങ്ങൾ എങ്ങിനെ പ്രാദേശിക വികസനത്തിന് കാരണമാകുമെന്ന് ഉത്തരവാദിത്ത ടൂറിസം കാട്ടിത്തന്നു.