സംസ്ഥാനത്ത് 7.54 കോടിയുടെ 9 ടൂറിസം പദ്ധതികൾക്ക് അനുമതി
കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിൻറെ ഭാഗമായി 7.54 കോടിയുടെ 9 പദ്ധതികൾക്ക് ടൂറിസം വകുപ്പ് അനുമതി നൽകി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി ആകെ 7,55,43,965 രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്.
കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി. നദീതീരങ്ങൾ, ഇക്കോടൂറിസം, പൈതൃക സ്ഥലങ്ങൾ എന്നിവയെ സുസ്ഥിരവും തദ്ദേശീയ വികസനം സാധ്യമാക്കുന്നതുമായ സർക്കാരിൻറെ നയത്തോടു ചേരുന്ന പദ്ധതികളായിട്ടാണ് നടപ്പാക്കുന്നത്.
വൈവിധ്യമാർന്ന അനുഭവങ്ങൾ സാധ്യമാക്കുന്ന ഡെസ്റ്റിനേഷൻ എന്ന നിലയിൽ സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ക്രമാനുഗതമായി വർധിപ്പിക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വികസന സാധ്യതയുള്ള ടൂറിസം കേന്ദ്രങ്ങളുടെ ആധുനികവത്കരണത്തിലൂടെ ഇവിടങ്ങളിലേക്ക് സഞ്ചാരികളെ വൻതോതിൽ ആകർഷിക്കാനാകും.
പെരളശ്ശേരി റിവർ വ്യൂ പാർക്ക് പാറപ്രം റെഗുലേറ്റർ-കം-ബ്രിഡ്ജ് (99,21,324 രൂപ), തലശ്ശേരി ഫോർട്ട് വാക്ക് (99,99,999 രൂപ) എന്നിവ കണ്ണൂർ ജില്ലയിൽ പദ്ധതിയുടെ ഭാഗമാകും.
നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി (72,32,600 രൂപ), സർഗാലയ ഇൻറഗ്രേറ്റഡ് ടൂറിസം സർക്യൂട്ടിൻറെ ഭാഗമായുള്ള ഫൾക്രം സാൻഡ് ബാങ്ക് (60,00,000 രൂപ), കോഴിക്കോട് നഗരത്തിലെ അൻസാരി പാർക്ക് നവീകരണം (99,99,999 രൂപ), കടലുണ്ടിയിലെ കാവുംകുളം കുളത്തിൻറെ സൗന്ദര്യവത്കരണം (99,16,324 രൂപ), കൊയിലാണ്ടിയിലെ അകലാപ്പുഴ ബോട്ട് ജെട്ടി നവീകരണം(49,74,719) എന്നിവയാണ് കോഴിക്കോട് ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ.
പാലക്കാട് വാടിക-ശിലാ വാടിക ഉദ്യാനം (75,00,000 രൂപ), തൃശൂരിലെ നെഹ്റു പാർക്ക് നവീകരണം (99,99,000) എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു.