Reply by Hon'ble Public Works-Tourism Minister PA Muhammad Riaz to the submission made by Mrs. Kanathil Jamila MLA

ശ്രീമതി.കാനത്തിൽ ജമീല എം.എൽ.എ നൽകിയ സബ്മിഷന് ബഹുമാനപ്പെട്ട പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നൽകുന്ന മറുപടി

ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ശ്രീമതി.കാനത്തിൽ ജമീല ഇവിടെ ഉന്നയിച്ചിരിക്കുന്നത്. ദേശീയപാത 66 ലെ അഴിയൂർ-വെങ്ങളം സ്ട്രെച്ചിൽ കരാർ പ്രകാരം 7 മീറ്റർ വീതിയിലാണ് സർവ്വീസ് റോഡ് നിർമ്മിക്കേണ്ടത്. എന്നാൽ ചില ഇടങ്ങളിൽ സർവ്വീസ് റോഡുകളുടെ വീതി 7 മീറ്ററിൽ താഴെയാണെന്ന വിഷയം ഗൗരവമേറിയതാണ്. മതിയായ ഭൂമി ലഭ്യമല്ലാത്ത ചിലയിടങ്ങളിൽ ഡ്രെയിനേജ് ഉൾപ്പെടെ 5.5 മുതൽ 7 മീറ്റർ വരെ വീതിയിൽ സർവ്വീസ് റോഡ് നിർമ്മിച്ചിട്ടുള്ളതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. സ്ഥലമുണ്ടായിട്ടും കുറഞ്ഞ വീതിയിലാണോ നിർമ്മിച്ചത് എന്ന കാര്യം പ്രത്യേകമായി പരിശോധിക്കാം. ദേശീയപാത പ്രവൃത്തി നിരീക്ഷിക്കുന്നതിനായി ജില്ലയിൽ നിയോഗിക്കപ്പെട്ട നോഡൽ ഓഫീസറോട് ഇക്കാര്യം പരിശോധിക്കാൻ പ്രത്യേകമായി നിർദ്ദേശിക്കാം.