Varkala Papanasham beach floating bridge has started working

വർക്കല പാപനാശം ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം ആരംഭിച്ചു

കേരളത്തിൽ ബീച്ച് ടൂറിസത്തിന് വലിയ സാധ്യതയാണുള്ളത്. ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനായി തീരദേശ ജില്ലകളിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ടൂറിസം വകുപ്പിൻറെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ ആരംഭിച്ചു.

ബീച്ച് ടൂറിസത്തിൻറെ സാധ്യത മനസിലാക്കികൊണ്ട് കടലിനെ ടൂറിസവുമായി കോർത്തിണക്കി മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. ജലകായിക വിനോദങ്ങൾക്ക് അനുയോജ്യമായ തീരമാണ് കേരളത്തിൻറേത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ കുറവാണ്. ഇത് ബീച്ചുകളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ സംസ്ഥാനത്തിൻറെ ടൂറിസം മേഖലക്ക് മികച്ച വരുമാനം ലഭിക്കും.
കഴിഞ്ഞ മാസം നടന്ന പ്രഥമ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റിൽ ബീച്ച് ടൂറിസത്തിൽ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് നിരവധി നിക്ഷേപകരാണ് മുന്നോട്ടുവന്നത്. ഇത് ഉൾക്കൊണ്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കൂടുതൽ ബീച്ച് ടൂറിസം പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തെ പ്രധാന വിനോദ, തീർഥാടന കേന്ദ്രമെന്ന നിലയിൽ വർക്കലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർപ്ലാൻ 2024 ൽ നടപ്പിലാകും. നിലവിൽ നിരവധി വാട്ടർ സ്പോർട്സ് ഇനങ്ങളുള്ള വർക്കലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികൾ കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. ഇതിലേക്കായി വർക്കല ബീച്ചിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.

സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണ് വർക്കലയിലേത്. കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്ളോട്ടിങ് ബ്രിഡ്ജിൻറെ സവിശേഷത. 100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദർശകർക്ക് കടൽക്കാഴ്ചകൾ ആസ്വദിക്കാം. ഒരേസമയം 100 സന്ദർശകർക്ക് ബ്രിഡ്ജിൽ പ്രവേശിക്കാം. രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശനം.

700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെൻസിറ്റി ഫ്ളോട്ടിങ് പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാർഡുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ടൂറിസം വകുപ്പ് വർക്കലയിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.