കായലിലൂടെ പുരവഞ്ചിയാത്ര നടത്താം, കാട്ടാനകളെ തൊട്ടടുത്ത് കാണാം, കോവളത്ത് പാരാസെയിലിംഗ് ആസ്വദിക്കാം.. ഇതെല്ലാം വെർച്വലായാണെന്ന് മാത്രം. പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന കേരളീയം പരിപാടിയിലെ കേരള ടൂറിസം പവലിയനിലാണ് സന്ദർശകർക്ക് അത്ഭുതക്കാഴ്ചകൾ ഒരുക്കിയിട്ടുള്ളത്.
ടൂറിസം മേഖലയിൽ എങ്ങനെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നതിൻറെ നേർക്കാഴ്ചയാണ് കേരള ടൂറിസം പവലിയൻ. സംസ്ഥാനത്തിൻറെ പച്ചപ്പും ഹരിതാഭയും, സാംസ്ക്കാരിക വൈവിദ്ധ്യവുമെല്ലാം ഇതിലൂടെ കാഴ്ചക്കാരിലേക്കെത്തുന്നു. വെർച്വൽ റിയാലിറ്റി കണ്ണടകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഒരേസമയം നിരവധി പേർക്ക് ഈ മായക്കാഴ്ചകൾ കാണാവുന്ന വിധത്തിലാണ് ക്രമീകരണം.
ഇതിനുപുറമെ സന്ദർശകർക്കായി ഓൺലൈൻ ഗെയിമുകളും ക്വിസ് പരിപാടിയും നടത്തുന്നുണ്ട്. ട്രഷർ ഹണ്ടും ഡൗൺഹില്ലുമുൾപ്പെടെ ഓഗ്മെൻറഡ് റിയാലിറ്റി അടിസ്ഥാനമായ ആറ് ഗെയിമുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഗെയിമുകളിൽ താത്പര്യമുള്ളവർ പവലിയനിൽ നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് കളിക്കാവുന്നതാണ്. മികച്ച സ്കോർ ഉള്ളവർക്ക് സമ്മാനങ്ങളുമുണ്ട്. ഓരോ ഗെയിമും 50 പോയിൻറിൻറേതാണ്. 250 പോയിൻറ് ലഭിക്കുന്നവർക്ക് പവലിയനിൽ നിന്നു തന്നെ സമ്മാനം ലഭിക്കും. കേരള ടൂറിസത്തിൻറെ മറ്റ് വേദികളിൽ നിന്നുള്ളവർക്കും ഗെയിമുകളിൽ പങ്കെടുക്കാം. കേരള ടൂറിസത്തെക്കുറിച്ചുള്ള പത്ത് ചോദ്യങ്ങളാണ് ക്വിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെർച്വൽ റിയാലിറ്റി ഹബ്, എൽഇഡി ഇടനാഴി, കേരളത്തിൻറെ തനത് ആകർഷണങ്ങളുടെ പ്രദർശനം എന്നിവ കൊണ്ട് ടൂറിസം പവലിയൻ സജീവമാണ്. മുകളിൽ നീലാകാശവും താഴെ കടലും ഒരുക്കിയ എൽഇഡി വാൾ ഇടനാഴിയിലൂടെ നടക്കുന്നത് സഞ്ചാരികൾക്ക് പുത്തൻ അനുഭവമായി മാറി. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ, പുതിയ പദ്ധതികൾ, പുതിയ ടൂറിസം ഉത്പന്നങ്ങൾ എന്നിവയുടെ ബ്രോഷറുകളും പവലിയനിൽ ലഭിക്കും.