Wedding and MICE Tourism Conclave

വെഡിംഗ് ആന്റ് മൈസ് ടൂറിസം കോണ്‍ക്ലേവ്

കേരളത്തിന്റെ ടൂറിസം മേഖലയുടെ സമഗ്രവികസനം എന്ന നയവുമായാണ് സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടു പോകുന്നത്. ടൂറിസം വ്യവസായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പരിപാടികള്‍ ടൂറിസം വകുപ്പും വ്യവസായ മേഖലയും സംയുക്തമായി സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം സുപ്രധാനമായ ചില പരിപാടികള്‍ കൂടി സംഘടിപ്പിക്കുകയാണ്. അതില്‍ ആദ്യത്തേത് ആണ് വെഡിംഗ് ആന്റ് മൈസ് ക്ലോണ്‍ക്ലേവ്. കേരള ട്രാവല്‍മാര്‍ട്ടിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 14 മുതൽ 16 വരെ കൊച്ചിയില്‍ വച്ചാണ് വെഡ്ഡിംഗ് & MICE കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യത്തെ B2B പരിപാടിയാണ് ഈ കോണ്‍ക്ലേവ്.

ടൂറിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വിവാഹങ്ങൾ, കോർപ്പറേറ്റ് ഇവന്റുകൾ, മീറ്റിംഗുകൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ തുടങ്ങിയവ ഉള്‍പ്പെടുന്ന MICE ടൂറിസം.അതോടൊപ്പം ഡെസ്റ്റിനേഷന്‍ വെഡിംഗും ലോകത്ത് തരംഗമാകുന്ന ടൂറിസം ട്രെന്‍ഡുകളില്‍ ഒന്നാണ്. കോവിഡാനന്തരം ഈ രണ്ടു മേഖലകളേയും സജീവമാക്കുന്നതിന് ഗൗരവമേറിയ ചുവടുവെപ്പുകള്‍ ടൂറിസം വകുപ്പ് നടത്തുകയുണ്ടായി.

ട്രാവല്‍ പ്ലസ് ലിഷര്‍ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ മാഗസിന്‍ മികച്ച ഡെസ്റ്റിനേഷന്‍ വെഡിംഗ് കേന്ദ്രമായി തെരഞ്ഞെടുത്തത് കേരളത്തെയാണ്

ഡെസ്റ്റിനേഷന്‍ വെഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള വൈവിധ്യ പ്രചരണ പരിപാടികളും സംഘടിപ്പിച്ചു വരികയാണ്

കേരളത്തിലെ പല പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളും ഡെസ്റ്റിനേഷന്‍ വെഡിംഗ് കേന്ദ്രങ്ങളായി വികസിച്ചു കൊണ്ടിരിക്കുകയാണ്

ഈ സാഹചര്യത്തിലാണ് ഈ രണ്ടു മേഖലയേയും കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ വെഡ്ഡിംഗ് & MICE കോൺക്ലേവിന് രൂപം നല്‍കിയത്.

ടൂറിസം വകുപ്പും കേരള ട്രാവൽ മാർട്ട് സൊസൈറ്റിയം ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ കോൺക്ലേവ്, വെഡ്ഡിംഗ് & MICE ടൂറിസം മേഖലയുടെ ഹബ്ബാക്കി മാറ്റുന്നതിനുള്ള ഒരു പ്രധാനപ്പെട്ട ചുവടുവയ്പ്പാണ്.

മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, ലോകോത്തര ഹോസ്പിറ്റാലിറ്റി ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ ഘടകങ്ങള്‍ ഈ മേഖലയില്‍ കേരളത്തിന് അനുകൂലമായ ഘടകങ്ങള്‍ ആണ്. അന്തര്‍ ദേശീയ – ദേശീയ ടൂറിസം മേഖലയിലെ പ്രഗത്ഭരെ ഈ കോണ്‍ക്ലേവില്‍ പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. വെഡിംഗ് ഉള്‍പ്പെടെയുള്ള ഇവന്റ് ഗ്രൂപ്പുകള്‍ , ടൂറിസം പ്രൊഫഷണലുകൾ, കോർപ്പറേറ്റുകൾ, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രഗത്ഭര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ഈ മേഖലകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരെ ഈ കോണ്‍ക്ലേവിന്റെ ഭാഗമാക്കും . ഈ കോൺക്ലേവ് ഒരു B2B നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായി കൂടി വർത്തിക്കും,

കേരളത്തിന്റെ നേട്ടങ്ങള്‍ , അടിസ്ഥാന സൗകര്യങ്ങൾ, സേവന മികവ് എന്നിവ കോണ്‍ക്ലേവില്‍ പ്രദർശിപ്പിക്കും. പരിപാടിയുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ വളരെ നന്നായി പുരോഗമിക്കുകയാണ്. 2025 ഓഗസ്റ്റ് 14 ന് ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ പരിപാടിയുടെ ഉദ്ഘാടനം നടക്കും. ഓഗസ്റ്റ് 15, 16 തീയതികളിൽ ലെ മെറിഡിയൻ കൊച്ചിയിൽ ബിസിനസ് സെഷനും നടക്കും.ബയേര്‍സിനുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്, നിലവിൽ 360 ആഭ്യന്തര ബയേര്‍സുകളുടെ രജിസ്ട്രേഷനുകളും 40 അന്താരാഷ്ട്ര ബയേര്‍സുകളുടെ രജിസ്ട്രേഷനുകളും നടന്നു. വ്യത്യസ്ത വിഭാഗങ്ങളിലായി 65 സ്റ്റാളുകളും ഉണ്ടാകും. വ്യത്യസ്ത വിഷയങ്ങളിലായി രണ്ട് സെമിനാർ സെഷനുകളും കോണ്‍ക്ലേവില്‍ ഉണ്ടാകും. ഒന്ന് ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനെക്കുറിച്ചും മറ്റൊന്ന് MICE വിഭാഗത്തെക്കുറിച്ചും. ഈ സെഷനുകൾ കൈകാര്യം ചെയ്യാൻ വിദഗ്ദ്ധ പ്രഭാഷകരേയും ക്ഷണിക്കുന്നുണ്ട്.

 

ഈ കോണ്‍ക്ലേവിന്റെ നടത്തിപ്പിനായി വളരെ പ്രധാനപ്പെട്ട റോള്‍ ആണ് കേരള ട്രാവൽ മാർട്ട് സൊസൈറ്റി നിര്‍വ്വഹിക്കുന്നത്. ടൂറിസം വ്യവസായത്തെ സര്‍ക്കാരുമായി ചേര്‍ത്തു നിര്‍ത്തുകയും ഇത്തരം പരിപാടികള്‍ക്കായി മുന്‍കൈ എടുക്കുകയുെ ചെയ്യുന്ന കേരള ട്രാവൽ മാർട്ട് സൊസൈറ്റിയെ അഭിനന്ദിക്കുന്നു. ഈ കോണ്‍ക്ലേവില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. ഈ പരിപാടി സംബന്ധിച്ചും ഈ മേഖലയിലെ കേരളത്തിന്റെ സാധ്യതകളെ സംബന്ധിച്ചും നിങ്ങളുടെ കൃത്യമായ പ്രചരണം ഉണ്ടാകുന്നത് കേരളത്തിന് ഗുണകരമായി മാറും. ആഗോള ടൂറിസം ഭൂപടത്തിൽ വൈവിധ്യമാർന്ന പ്രീമിയം ഡെസ്റ്റിനേഷന്‍ എന്ന നിലയിൽ കേരളടൂറിസത്തെ വളര്‍ത്തി എടുക്കുവാന്‍ എല്ലാവര്‍ക്കും ഒന്നിച്ചു നീങ്ങാം. അതിന് എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.