A boom in the tourism sector; 600 percent increase in the number of foreign tourists

വിനോദസഞ്ചാര മേഖലയിൽ കുതിപ്പ്; വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനനത്തിന്റെ വർദ്ധനവ്

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കും

2022ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ സംസ്ഥാനത്ത് ഒരു കോടിയിലധികം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തി

കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനം വർധനവ് ഉണ്ടായി. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 196 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തി.

2022ന്റെ ആദ്യ മൂന്ന് പാദങ്ങളിലെ കണക്കു അനുസരിച്ച് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തി. ഇത് കേരളടൂറിസത്തിന്റെ സർവ്വകാല റെക്കോർഡ് ആണ് . സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ടൂറിസ്റ്റുകളെത്തിയിട്ടുള്ളത്. 28,93,631 സഞ്ചാരികൾ ആണ് ജില്ലാ സന്ദർശിച്ചത്. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ടൈം മാഗസിൻ ലോകം കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തു, കാരവൻ പോളിസിയെ ടൈം മാഗസിൻ അഭിനന്ദിച്ചു. വേൾഡ് ട്രാവൽ മാർക്കറ്റിൽ കേരളം ജനപ്രിയ പവലിയനായി മാറി, സംസ്ഥാനത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിയടക്കമുള്ള ടൂറിസം പദ്ധതികൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു. ട്രാവൽ പ്ലസ് ലിഷർ മാഗസിൻ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ തെരഞ്ഞെടുത്തതും ലോക ടൂറിസം മാപ്പിൽ സംസ്ഥാനത്തിനുണ്ടായ ഉയർച്ച സൂചിപ്പിക്കുന്നു.

ടൂറിസം മേഖലയിലുണ്ടായ 120 ശതമാനത്തിന്റെ വളർച്ച ജിഡിപി കുതിപ്പിന് സഹായമായിട്ടുണ്ട്. ടൂറിസം രംഗത്ത് നടപ്പാക്കുന്ന നവീന പദ്ധതികളുടെ തുടർച്ചയെന്നോണം കാരവാൻ പാർക്കുകൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെടിഡിസിയുടെ സഹായത്തോടെ ബോൾഗാട്ടി, കുമരകം വാട്ടർസ്‌കേപ് എന്നിവിടങ്ങളിൽ കാരവൻ പാർക്ക് നിർമ്മിക്കും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കും.

ഡെസ്റ്റിനേഷൻ ചലഞ്ച് 2023ൽ 100ൽ പരം പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാവുന്ന തരത്തിൽ ആസൂത്രണം ചെയ്തു വരുന്നുണ്ട്. 40 ശതമാനം ത്രിതലപഞ്ചായത്തുകളുടെ കൂടി ഇടപെടലോടെ ആണ് പദ്ധതി നടപ്പിലാക്കുക.ഇതിനു പുറമെ 2021ൽ ജനകീയമായി മാറിയ വാട്ടർ ഫെസ്റ്റ് ഈ ഡിസംബറിൽ വീണ്ടും നടത്തും.

റെസ്റ്റ്ഹൗസ് ഓൺലൈൻ ബുക്കിംഗിലൂടെ 2021 നവംബർ 1 മുതൽ 2022 നവംബർ 1 വരെ 67,000 പേർ സൗകര്യം പ്രയോജനപ്പെടുത്തി. ഹോസ്പിറ്റാലിറ്റി രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ടൂറിസം ക്ലബ്ബുകൾ ശക്തിപ്പെടുത്തും. വിദ്യാർഥികൾ, തൊഴിലാളികൾ എന്നിവർക്കു പുറമെ ഓട്ടോറിക്ഷാ തൊഴിലാളികളെ കൂടി ടൂറിസം പ്രചാരണത്തിന്റെ ഭാഗമാക്കാൻ പദ്ധതിയുണ്ട്. ഇതിനെക്കൂടാതെ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വിദേശമലയാളികളെ ഉൾപ്പെടുത്തി ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും.സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ടൂറിസത്തിന്റെ ഭാഗമായി ബേപ്പൂരിലേതിന് സമാനമായ കടൽപ്പാലങ്ങൾ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാനും മലയോര ടൂറിസമേഖലയ്ക്ക് പ്രാധാന്യം നൽകാനും വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹൈക്കിഗ്, ട്രെക്കിഗ് സാധ്യതകൾ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കാനും പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്.