Thiruvananthapuram among the trending destinations of 2025 for tourists

വിനോദസഞ്ചാരികളുടെ 2025 ലെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനിൽ തിരുവനന്തപുരം

വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ട്രെൻഡിംഗ് ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളത്തിന്റെ തലസ്ഥാനഗരം തിരുവനന്തപുരം. പ്രമുഖ ട്രാവൽ വെബ്സൈറ്റ് സ്കൈ സ്കാന്നറിൻറെ 2025 ലെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് തിരുവനന്തപുരം സ്ഥാനം പിടിച്ചിരിക്കുന്നത്.

അനുയോജ്യമായ വിനോദ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി സഞ്ചാരികൾ കഴിഞ്ഞ 12 മാസം നടത്തിയ തിരച്ചിലിലെ വർധനവും 2024 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെ നിശ്ചിത നഗരങ്ങളിലേക്കുള്ള വിമാന യാത്രയ്ക്കായുള്ള അന്വേഷണത്തിലെ വർധനവും അടിസ്ഥാനമാക്കിയാണ് സ്ഥലങ്ങളെ പട്ടികപ്പെടുത്തിയത്. ഇക്കാലയളവിൽ 66 ശതമാനം വർധനവാണ് തിരുവനന്തപുരത്തിന് ഉണ്ടായത്. ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രിയ ആണ് പട്ടികയിൽ ഒന്നാമത്. എസ്റ്റോണിയയിലെ താർതു രണ്ടാമതും. 2023 ൽ ഇതേ കാലയളവിലെ അന്വേഷണവുമായി താരതമ്യപ്പെടുത്തിയാണ് വർധനവ് രേഖപ്പെടുത്തിയത്.

സമ്പന്നമായ പ്രകൃതിഭംഗിയും ഹെൽത്ത്-വെൽനെസ് ടൂറിസത്തിലെ പ്രാധാന്യവുമാണ് ജനപ്രിയ ഡെസ്റ്റിനേഷൻ എന്ന നിലയിൽ തിരുവനന്തപുരത്തെ ട്രെൻഡിംഗ് ലിസ്റ്റിൽ നിലനിർത്തുന്നതെന്ന് സ്കൈസ്കാന്നർ വ്യക്തമാക്കുന്നു. യാത്രികരുടെ മാറുന്ന അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ട് കേരളം നടപ്പാക്കുന്ന നൂതന ടൂറിസം ഉത്പന്നങ്ങൾക്കും പദ്ധതികൾക്കുമുള്ള അംഗീകാരമാണ് ഈ നേട്ടം.