Vasantotsavam- New Year Light Show' ticket sale has started

വസന്തോത്സവം- ന്യൂ ഇയർ ലൈറ്റ് ഷോ’ ടിക്കറ്റ് വിൽപന തുടങ്ങി

ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന വസന്തോത്സവം ഫ്ളവർ ഷോയുടേയും ന്യൂ ഇയർ ലൈറ്റ് ഷോയുടേയും ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. കോവിഡിന് ശേഷം ആദ്യമായാണ് ടൂറിസം വകുപ്പ് കനകക്കുന്നിൽ ഫ്ളവർ ഷോ സംഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷം വകുപ്പ് സംഘടിപ്പിച്ച പുതുവൽസര ദീപാലാങ്കരത്തിന് ലഭിച്ച വൻ സ്വീകാര്യതയുടെ പശ്ചാത്തലത്തിൽ അതിലും വിപുലമായാണ് ഇത്തവണ ലൈറ്റ് ഷോ നടത്തുക.

ഡിസംബർ 24 മുതൽ ജനുവരി 2 വരെയാണ് ഫ്ളവർ ഷോയും ലൈറ്റ് ഷോയും ഒരുക്കുന്നത്. 24 ന് രാവിലെ മുതൽ ഫളവർ ഷോയിൽ പ്രവേശനം അനുവദിക്കും. ‘ഇല്യുമിനേറ്റിങ് ജോയ്, സ്പ്രെഡ്ഡിങ് ഹാർമണി’ എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എല്ലാ ജനങ്ങൾക്കും ഒത്തുചേർന്ന് സന്തോഷം പങ്കുവയ്ക്കാൻ അവസരമൊരുക്കുകയെന്നതാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മേയർ പറഞ്ഞു. കനകക്കുന്നിലെ പുതുവർഷാഘോഷം ഇതിന് അവസരമൊരുക്കും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമാകാൻ ഒരുങ്ങുന്ന കനകക്കുന്നിന് കൂടുതൽ ഉണർവേകുന്ന തരത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്.

കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പുഷ്പങ്ങൾ ഉൾപ്പെടെ ക്യൂറേറ്റ് ചെയ്ത ഫ്ളവർ ഷോ, ട്രീ റാപ്പിങ്, എൻട്രൻസ് ആർച്ച്, ബട്ടർഫ്ളൈ ഊഞ്ഞാൽ, ദീപാലംകൃത യൂറോപ്യൻ ഭവനം, ടണൽ വിത്ത് ലൈറ്റ്സ്, ഹോട്ട് എയർ ബലൂൺസ്, റെയിൻഡിയർ, വിവിധ തരം പൂക്കൾ, ലോൺ ഏരിയ, റോസ് ഗാർഡൻ വിത്ത് ലൈറ്റ്സ്, സ്പൈറൽ ക്രിസ്മസ് ട്രീസ്, വാക്ക് വേ ആർച്ചസ്, ഷൂട്ടിങ് സ്റ്റാർ, ലൈറ്റ് ബോർഡുകൾ, മാൻ പാർക്ക്, ഗിഫ്റ്റ് ബോക്സ്, ഹോട്ട് എയർ ബലൂൺസ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഇതിനു പുറമേ നടവഴികളും റോഡുകളും മരങ്ങളും വർണദീപങ്ങളാൽ അലങ്കരിക്കും.