Level Crossless Kerala' 5 railway flyovers completed

‘ലെവൽ ക്രോസ്സില്ലാത്ത കേരളം’ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 5 റെയിവേ മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയായി. കാഞ്ഞങ്ങാട്, ഫറോക്ക്, ഗുരുവായൂർ, കാരിത്താസ്, തിരൂർ എന്നിവയാണ് നിർമാണം പൂർത്തിയാക്കിയ മേൽപ്പാലങ്ങൾ. ഇതിൽ ഗുരുവായൂർ മേൽപ്പാലം സ്റ്റീൽ കോംബോസിറ്റ് സ്‌ട്രെക്ച്ചർ മാതൃകയിലാണ് നിർമിച്ചത് . മറ്റ് ഒൻപത് മേൽപ്പാലങ്ങളുടെ പണി പുരോഗമിക്കുകയാണ്.

ഏതു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണ് ലെവൽ ക്രോസ്സില്ലാത്ത കേരളം പദ്ധതി. പദ്ധതി പ്രകാരം 4 പ്രവൃത്തികൾ ടെണ്ടർ സ്റ്റേജിലെത്തി. 3 പ്രവൃത്തികൾ ജിഎഡി അംഗീകാരത്തിനായി നൽകി, ഇവിടെ ഭൂമിയേറ്റെടുക്കൽ പൂർത്തീകരിച്ചു. 22 പദ്ധതികൾ ഭൂമിയേറ്റെടുക്കലിന്റെ വിവിധ ഘട്ടങ്ങളിലാണ്. ജിഎഡി അംഗീകാരം ലഭിക്കാൻ ഇനി 14 പദ്ധതികളാണ് ഉള്ളത്. 6 പദ്ധതികളുടെ ജിഎഡി തയ്യാറാക്കിവരുന്നു. 6 എണ്ണം അലൈൻമെന്റ് നിശ്ചയിക്കാനുണ്ട് .4 എണ്ണം റെയിൽവേയു‌ടെ മൂന്നാം ലൈനുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിക്കാത്ത പ്രശ്നമാണുള്ളത്. നമ്മുടെ സ്വപ്ന പദ്ധതിയായ ലെവൽ ക്രോസ്സില്ലാത്ത കേരളം പദ്ധതി ഒരു കാലത്തുമില്ലാത്ത വേഗതയിൽ നിരവധി പ്രവൃത്തികൾ ഒരുമിച്ച് മുന്നോട്ടുപോകുന്നു.

വർക്കല മണ്ഡലത്തിലെ ഇടവ റെയിൽവേ മേൽപ്പാലത്തിന് കിഫ്ബി വഴി 35.69 കോടി രൂപയുടെ ഭരണാനുമതി നൽകി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്പറേഷന് ആണ് നിർവ്വഹണ ഏജൻസി. 70.55 ആർ സ്ഥലം ആണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 51 പേരുടെ ഭൂമി ഏറ്റെടുക്കുകയും മുഴുവൻ പേർക്കും നഷ്ടപരിഹാര തുക പാസാക്കുകുയും ചെയ്തു. എന്നാൽ പദ്ധതിക്കെതിരെ സ്ഥലം ഉടമകളായ 12 പേർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പ്രസ്തുത കേസിൽ ഹൈക്കോടതി തിരുവനന്തപുരം ജില്ലാ കലക്ടറോട് പരാതിക്കാരെ നേരിട്ട് കേട്ടതിനുശേഷം തീരുമാനമെടുക്കാൻ ഉത്തരവിട്ടു. തുടർന്ന് ജില്ലാ കലക്ടരുടെ ഉത്തരവ് പ്രകാരം നിലവിലുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ അനുമതി നൽകി. എന്നാൽ ഇതിനെതിരെ 6 പേർ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി കലക്ടറുടെ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു. പ്രസ്തുത കേസിനെതിരെ ആർബിഡിഡിസികെ സത്യവാങ്മൂലം ഫയൽ ചെയ്യുകയും എത്രയും വേഗം അനുകൂല ഉത്തരവ് നേടാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സ്റ്റാന്റിംഗ് കൗൺസിലിനോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

പുന്നമൂട് റെയിൽവേ മേൽപ്പാലവും കിഫ്ബിയിൽ ഉൾപ്പെടുത്തി ആർബിഡിഡിസികെ ആണ് നിർമ്മിക്കുക. 36.88 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ 47.60 ആർ സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതിയും നൽകി. ഇതേ തുടർന്ന് 4(1) വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിന്റെ സാമൂഹ്യാഘാത- പ്രത്യാഘാത പഠനം പൂർത്തീകരിച്ച് അന്തിമ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിച്ചിട്ടുള്ളതാണ്. ഈ റിപ്പോർട്ട് അംഗീകരിച്ചാൽ തുടർനടപടികൾ സ്വീകരിക്കും.