Complaints about roads have reduced significantly

റണ്ണിംഗ് കോൺട്രാക്ട് പോലുള്ള പുതിയ സമ്പ്രദായങ്ങളും ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും കൊണ്ട് റോഡുകളെ സംബന്ധിച്ച പരാതികൾ വളരെയധികം കുറഞ്ഞു. ഓരോ നിയോജകമണ്ഡലത്തിലേയും വകുപ്പിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് കാര്യക്ഷമമാക്കുന്നതിനായി കോൺസ്റ്റിറ്റ്യുവൻസി മോണിട്ടറിംഗ് ടീമിന് രൂപം കൊടുത്തിട്ടുണ്ട്. എന്നിട്ടും മഴക്കാലത്ത് റോഡുകളിൽ അറ്റകുറ്റപ്പണി ആവശ്യമായിവന്നാൽ അത് സമയബന്ധിതമായി ചെയ്യണം. ശാശ്വതമായി പരിഹരിക്കാനാകാത്തവ തൽക്കാലത്തേക്ക് പരിഹരിക്കുകയും മഴയ്ക്കുശേഷം ശാശ്വതമായി പരിഹരിക്കുകയും വേണം. ഇത്രയൊക്കെ ചെയ്താലും മഴക്കാലത്ത് കുഴപ്പം വരാൻ സാധ്യതയുള്ള റോഡുകളുണ്ടെങ്കിൽ അവയുടെ പട്ടിക ഉദ്യോഗസ്ഥർ മുൻകൂട്ടി ലഭ്യമാക്കണം.

മഴക്കാല പ്രവർത്തനങ്ങൾക്കായി കഴിഞ്ഞവർഷം രൂപീകരിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഈ വർഷവും മുന്നോട്ടുപോകണം. റോഡുപണി നടക്കുന്നയിടങ്ങളിൽ സുരക്ഷാമാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണം. രാത്രികാലങ്ങളിൽ റോഡുപയോഗിക്കുന്നവർക്ക് കാണാനാകുംവിധം റിഫ്ലക്ടീവ്, ഡൈവേർഷൻ, വേഗനിയന്ത്രണ ബോർഡുകളും മതിയായ വെളിച്ചവും ബാരിക്കേഡുകളുമൊക്കെ സജ്ജമാണെന്ന് ഉറപ്പാക്കണം. വാട്ടർ അതോറിട്ടിക്ക് പൈപ്പ് ഇടാൻ കൈമാറിയ റോഡുകളിൽ പ്രവൃത്തി പൂർത്തിയാക്കാൻ സമയം നിശ്ചയിച്ചുനൽകണമെന്നും നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തിയായില്ലെങ്കിൽ മേലധികാരികളോട് ആലോചിച്ച് തീരുമാനമെടുക്കണം.

ജനങ്ങളിൽനിന്ന് വിവിധ മാർഗങ്ങളിലൂടെ ലഭിക്കുന്ന പരാതികൾ അതത് സമയത്തുതന്നെ പരിഹരിക്കപ്പെട്ടുവെന്ന് ഉറപ്പാക്കാനും പരാതികൾ പരിഹരിച്ചതിന്റെ വിവരങ്ങൾ ഫോട്ടോ ഉൾപ്പെടെ സമയബന്ധിതമായി സമർപ്പിക്കാനും ഓരോ ഉദ്യോഗസ്ഥരെ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ചുമതലപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.

ഓരോ നിയോജകമണ്ഡലത്തിലേയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സിംഗിൾ പോയിന്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2022 ജനുവരിയിലാണ് കോൺസ്റ്റിറ്റ്യുവൻസി മോണിട്ടറിംഗ് ടീമിന് (സിഎംടി) പൊതുമരാമത്ത് വകുപ്പ് രൂപംകൊടുത്തത്. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ്മയിലൂടെ തടസ്സങ്ങൾ ഒഴിവാക്കി യഥാസമയം പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. മെയിന്റനൻസ് വിഭാഗം ചീഫ് എൻജിനീയറാണ് സംസ്ഥാനതല നോഡൽ ഓഫീസർ. രണ്ട് ചീഫ് എൻജിനീയർമാർ റീജ്യണൽ നോഡൽ ഓഫീസർമാരായും നിയോഗിക്കപ്പെട്ടിട്ടുണ്ട്. 20 സൂപ്രണ്ടിംഗ് എൻജിനീയർമാർക്കും 84 എക്സിക്യൂട്ടീവ് എൻജിനീയർമാർക്കുമായി ഓരോ നിയോജകമണ്ഡലങ്ങളുടേയും ചുമതല നൽകി. ഇവർ മാസത്തിൽ ഒരിക്കൽ സൈറ്റുകളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകണം. ഓരോ മാസവും അതത് നിയോജകമണ്ഡലങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മീറ്റിംഗ് നടത്തണമെന്നുമാണ് നിർദ്ദേശം.