Running contract - inspection of roads in the state

റണ്ണിങ് കോൺട്രാക്ട് – സംസ്ഥാനത്ത് റോഡുകളുടെ പരിശോധന  

 സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ആരംഭിക്കും. കേരളത്തിലെ 14 ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച പരിശോധന നടക്കുക. നാല് ഐ എ എസ് ഉദ്യോഗസ്ഥർ, എട്ട് ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിങ് എൻജിനീയർമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുക. ഓരോ പ്രവൃത്തിയുടെയും മെഷർമെൻറ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും. തിരുവനന്തപുരം ജില്ലയിൽ 1525 കിലോമീറ്റർ റോഡ് ആണ് റണ്ണിങ് കോൺട്രാക്ട് പ്രകാരം പ്രവൃത്തി നടക്കുന്നത്. 4420 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ജില്ലയിൽ നടക്കുന്നത്. ഇടുക്കിയിൽ 2330 കിലോമീറ്ററിൽ 7357.72 ലക്ഷം രൂപയുടെയും എറണാകുളം ജില്ലയിൽ 2649 കിലോമീറ്ററിൽ 6824 .65 ലക്ഷം രൂപയുടെ പ്രവൃത്തിയും ആണ് നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ജില്ലകളിലും പരിശോധന നടക്കും.