യുവത്വത്തിൻറെ കഴിവുകൾ ടൂറിസവുമായി ചേർത്ത് പ്രയോജനപ്പെടുത്താനാകണം
യുവത്വത്തിൻറെ കഴിവുകൾ ടൂറിസം മേഖലയുമായി ചേർത്ത് പ്രയോജനപ്പെടുത്താനാകണമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കിറ്റ്സി (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ്) ൽ ടൂറിസം വകുപ്പും കേരള ടൂറിസം ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാനതല ശിൽപ്പശാലയും നേതൃതല സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കൾക്ക് കഴിവുകൾ പ്രയോജനപ്പെടുത്താനും മുന്നോട്ടുവരാനുമുള്ള അവരസമൊരുക്കി കൊടുക്കുകയാണ് വേണ്ടതെന്നും ടൂറിസം ക്ലബ്ബ് വഴി ടൂറിസം വകുപ്പ് അതാണ് നിർവഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 500 ലേറെ കാമ്പസുകളിൽ ടൂറിസം ക്ലബ്ബ് പ്രവർത്തിക്കുന്നു. അവയ്ക്ക് വിനോദസഞ്ചാര മേഖലയിൽ വലിയ സ്വാധീനം സൃഷ്ടിക്കാനായിട്ടുണ്ട്.
പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ കണ്ടെത്തുന്നതും സോഷ്യൽ മീഡിയ വഴി പരിചയപ്പെടുത്തുന്നതും ടൂറിസം ക്ലബ്ബുകളുടെ കൂടി ഉത്തരവാദിത്തമാണ്. ഹൈറേഞ്ച് ടൂറിസവുമായി ബന്ധപ്പെടുത്തി ട്രെക്കിങ്, ഹൈക്കിങ് പോയിൻറുകളുടെ മാപ്പ് തയ്യാറാക്കാൻ ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിൽ ടൂറിസം ക്ലബ്ബിന് നിർണായക സംഭാവന നൽകാനാകും.
പുതിയ സാഹചര്യത്തിൽ ടൂറിസം മേഖലയിലെ മാർക്കറ്റിംഗിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കായി ഷോർട്ട് വീഡിയോ-റീൽസ് മത്സരം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കും. ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വവും പരിപാലനവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ടൂറിസം ക്ലബ്ബ് അംഗങ്ങളുടെ നിരന്തരമായ ശ്രദ്ധയുണ്ടാകണം. പ്രധാന ഡെസ്റ്റിനേഷനുകളിൽ ഈ മാസം ശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.