മികച്ച ടൂറിസം ഗ്രാമത്തിനുള്ള ഗോൾഡ് അവാർഡ് കാന്തല്ലൂരിന്: കേരള ടൂറിസത്തിൻറെ സ്ട്രീറ്റ് പദ്ധതിയ്ക്ക് അംഗീകാരം
ലോകടൂറിസം ദിനത്തിൽ പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻറെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനെ കേന്ദ്ര സർക്കാരിൻറെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് അവാർഡിന് തിരഞ്ഞെടുത്തു. ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളിൽ നടത്തിയ സുസ്ഥിരവും വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സുസ്ഥിര-ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതികൾക്ക് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നാണ് ഈ ബഹുമതി. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പിലാക്കുന്ന സ്ട്രീറ്റ് പദ്ധതി തുടർച്ചയായി അംഗീകരിക്കപ്പെടുകയാണ്.
രാജ്യത്തിന് തന്നെ വിനോദ സഞ്ചാര മേഖലയിൽ മാതൃകയാകുന്ന പ്രവർത്തനങ്ങൾ ഉത്തരവാദിത്ത ടൂറിസം മിഷനും കാന്തല്ലൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് നടപ്പാക്കിയിരുന്നു. കഴിഞ്ഞ എട്ടു മാസമായി നടന്ന പരിശോധനകൾക്ക് ഒടുവിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മത്സരത്തിൽ പങ്കെടുത്ത രാജ്യത്തെ 767 ഗ്രാമങ്ങളിൽ അഞ്ച് എണ്ണത്തിന് സ്വർണവും പത്ത് ഗ്രാമങ്ങൾക്ക് വെള്ളിയും ഇരുപത് ഗ്രാമങ്ങൾക്ക് വെങ്കലവും ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനും യു എൻ വിമണും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാർദ്ദ വിനോദ സഞ്ചാര പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് കാന്തല്ലൂർ.
സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിനോദസഞ്ചാരത്തിൽ കേരളം ആഗോളതലത്തിൽ മുൻപന്തിയിലാണ്. ഈ ആശയങ്ങളിലൂന്നി എങ്ങനെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കാന്തല്ലൂർ.
കേരള ടൂറിസത്തിന് ലഭിച്ച ദേശീയ അന്തർദേശീയ ബഹുമതികളിൽ ഏറ്റവും പുതിയതാണ് ഇത്. പരിസ്ഥിതിയെ സംരക്ഷിക്കുകയും സംസ്കാരത്തെ ഉയർത്തിപ്പിടിക്കുകയും പ്രാദേശിക സമൂഹത്തിന് നേട്ടമുണ്ടാക്കുകയും ചെയ്യുന്ന ആഗോള പ്രശംസ നേടിയെടുത്ത ടൂറിസം മാതൃക കാന്തല്ലൂരിലൂടെ സ്ഥാപിക്കാൻ സാധിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷൻറെ നേതൃത്വത്തിൽ മൂന്നാറിന് സമീപമുള്ള കാന്തല്ലൂരിൽ ആദ്യം നടപ്പിലാക്കിയ പെപ്പർ പദ്ധതിയ്ക്ക് ശേഷം സ്ട്രീറ്റ് പദ്ധതിയിലും ഉൾപ്പെടുത്തിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെ കാന്തല്ലൂർ ഗ്രാമപഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന് ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കിയത്.
പദ്ധതിയുടെ ഭാഗമായി സ്പെഷൽ ടൂറിസം ഗ്രാമസഭകൾ, ടൂറിസം റിസോർസ് മാപ്പിംഗ്, ടൂറിസം ഡയറക്ടറി തയ്യാറാക്കൽ, വിവിധ പരിശീലനങ്ങൾ, ചെറുകിട ഇടത്തരം സംരഭങ്ങളുടെ രൂപീകരണം-രജിസ്ട്രേഷൻ എന്നിവ വിജയകരമായി നടപ്പാക്കി. രാജ്യത്ത് തന്നെ ആദ്യമായി പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് ടൂറിസം അടിസ്ഥാന സൗകര്യ വികസനം നടത്തിയെന്ന പ്രത്യേകതയുമുണ്ട്. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ പ്രോട്ടോക്കോൾ അനുസരിച്ച് ടൂറിസം സംരംഭങ്ങൾ, ടൂറിസം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് പഞ്ചായത്തുതല രജിസ്ട്രേഷൻ ഏർപ്പെടുത്തി.
ഗ്രാമീണ-കാർഷിക ടൂറിസം പ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കി പാക്കേജുകൾ നടപ്പാക്കിയതും ടൂർ പാക്കേജുകൾക്ക് ഏകീകൃത നിരക്ക് പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. കൃത്യമായ ഇടവേളകളിൽ സംരഭക ശിൽപശാലകളും വിലയിരുത്തൽ യോഗങ്ങളും നടന്നു. ഡെസ്റ്റിനേഷൻ സുരക്ഷാപഠനത്തിലൂടെ കണ്ടെത്തിയ പരിമിതികൾ പരിഹരിക്കുന്നതിനായി പൊതു ശൗചാലയങ്ങൾ, സ്ട്രീറ്റ് ലൈറ്റുകളുടെ പരിപാലനം, പൊതു വാട്ടർ വെൻഡിങ്ങ് മെഷീനുകൾ എന്നിവയും ഉറപ്പാക്കി.
ഡെസ്റ്റിനേഷൻ സൈൻ ബോർഡുകൾ ഉറപ്പാക്കിയതിനൊപ്പം മാലിന്യ സംസ്കരണത്തിന് കൃത്യമായ പദ്ധതിയും നടപ്പാക്കി. വീടുകളിൽ നിന്നും ടൂറിസം സംരംഭങ്ങളിൽ നിന്നും ഗ്രാമ പഞ്ചായത്തിൻറെ നേതൃത്വത്തിൽ മാലിന്യം സംഭരിച്ച് സംസ്കരിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തി. യൂസർ ഫീ വാങ്ങി നടപ്പാക്കുന്ന മാലിന്യ സംസ്കരണം സുഗമമാക്കുന്നതിനായി ട്രാക്ടറുകളും ഇതര വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഗ്രീൻ സ്ട്രീറ്റ്, വെജിറ്റബിൾ സ്ട്രീറ്റ്, ഫ്രൂട്ട് സ്ട്രീറ്റ് , ഫ്ളവർ സ്ട്രീറ്റ് എന്നിങ്ങനെ ടൂറിസം സർക്യൂട്ടുകൾ തരംതിരിച്ചിച്ചായിരുന്നു പ്രവർത്തനം.
ഗ്രീൻ സ്ട്രീറ്റിൻറെ ഭാഗമായി കാന്തല്ലൂർ പഞ്ചായത്തിനെ ഗ്രീൻ ടൂറിസം സർക്യൂട്ടായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് ഉപയോഗം പൂർണമായും അവസാനിപ്പിക്കാൻ ഹരിത ചെക്ക്പോസ്റ്റ് ഏർപ്പെടുത്തി. തുണിസഞ്ചികൾ വിതരണം ചെയ്ത ശേഷവും പ്ലാസ്റ്റിക് ഉപയോഗിച്ച സംരംഭങ്ങൾക്ക് പിഴ ഈടാക്കി. ടൂറിസ്റ്റുകളെ യാത്രയ്ക്കായി ഉപയോഗിക്കുന്ന മുഴുവൻ വാഹനങ്ങൾക്കും പഞ്ചായത്ത് – പൊലീസ് – മോട്ടോർ വാഹനവകുപ്പ് – ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ അനുമതിയോടെ ഗ്രീൻ ടൂറിസം സർക്യൂട്ട് ബാഡ്ജ് ഏർപ്പെടുത്തി.
ഉത്തരവാദിത്ത ടൂറിസം മിഷനും യുഎൻ വിമണും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാർദ്ദ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി വിമൺ ഒൺലി ടൂറുകളും ആരംഭിച്ചു.