804.76 crore sanctioned for acquisition of land for development of Malaparumba-Puthuppady and Adimali-Kumali National Highways

*മഴയ്ക്ക് മുമ്പ് ‘പോട്ട്‌ഹോൾ ഫ്രീ റോഡ് ‘ ലക്ഷ്യമിട്ട് മെയ് 5 മുതൽ 15 വരെ

എല്ലാ ജില്ലകളിലും പ്രത്യേക സംഘം റോഡുകൾ പരിശോധിക്കും

സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുമ്പാകെ സമർപ്പിച്ച രണ്ട് പ്രധാന പദ്ധതികളായ കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ്-പുതുപ്പാടി, ഇടുക്കിയിലെ അടിമാലി-കുമളി റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കാനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 804.76 കോടി രൂപ അനുവദിച്ചു.

ദേശീയപാത 766 ൽ കോഴിക്കോട്, മലാപ്പറമ്പ് മുതൽ താമരശ്ശേരി ചുരത്തിന് അടുത്ത് പുതുപ്പാടി വരെ ദേശീയപാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാനായി 454.01 കോടി രൂപയും ദേശീയപാത 185 ൽ അടിമാലി മുതൽ കുമളി വരെ റോഡ് നവീകരണത്തിന് ഭൂമിയേറ്റെടുക്കാൻ 350.75 കോടി രൂപയുമാണ് അനുവദിച്ചത്. മലാപ്പറമ്പ്-പുതുപ്പാടി റോഡ് വയനാട്ടിലേക്കുള്ള ടൂറിസം വികസനത്തിന് പ്രധാനപ്പെട്ടതാണ് സംസ്ഥാനം കേന്ദ്രത്തെ ധരിപ്പിച്ചിരുന്നു. ഈ പാതയിൽ താമരശ്ശേരിയിലും കൊടുവള്ളിയിലും ബൈപാസുകൾ നിർമിക്കും. ഇരു പദ്ധതികളുടേയും ഭൂമി ഏറ്റെടുക്കലും ദേശീയപാതാ വികസനവും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും.

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 30,000 കിലോമീറ്റർ റോഡുകളിൽ 23,842 കിലോമീറ്ററും റണ്ണിംഗ് കോൺട്രാക്ട്, ഡിഫക്റ്റ് ലയബിലിറ്റി പീര്യഡ് (ഡി.എൽ.പി) പദ്ധതികളിൽ ഉൾപ്പെടുത്തി മികച്ച രീതിയിൽ പരിപാലിക്കുന്നുണ്ട്. ബാക്കി വരുന്നവ കിഫ്ബി പ്രവൃത്തി നടക്കുന്നവയും ദേശീയപാതാ അതോറിറ്റിയുടെ കീഴിലുമാണ്. കിഫ്ബി പ്രവൃത്തികൾ നടക്കുന്ന റോഡുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് കിഫ്ബി അധികൃതരുമായി ചർച്ച നടത്തും.

മഴ എത്തും മുമ്പ് ‘പോട്ട്‌ഹോൾ ഫ്രീ റോഡ് ‘ ലക്ഷ്യമിട്ട് മെയ് 5 മുതൽ 15 വരെ എല്ലാ ജില്ലകളിലും ഓരോ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം റോഡുകൾ നേരിട്ട് സന്ദർശിച്ച് വിലയിരുത്തും. മഴക്കാലപൂർവ്വ പരിശോധനാ നടപടികളും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ അവർക്ക് കീഴിൽ വരുന്ന റോഡുകൾ നേരിൽ പോയി പരിശോധിക്കും. മഴവെള്ളം ഒഴുകിപോവേണ്ട ഓടകളുടെ ശുചീകരണം ഉൾപ്പെടെ പരിശോധിക്കും. വീഴ്ച ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പിൽ ഓഫീസ് പരിശോധനയ്ക്ക് പ്രത്യേക വിംഗ് രൂപീകരിക്കും.