മറവൻതുരുത്ത് തുരുത്തുമ്മയിൽ ഫ്ളോട്ടിങ് ബോട്ട് ജെട്ടി
ഉത്തരവാദിത്ത ടൂറിസം രംഗത്ത് ലോകശ്രദ്ധയാകർഷിച്ച മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ളോട്ടിങ് ബോട്ട് ജെട്ടി ഉദ്ഘാടനത്തിനൊരുങ്ങുന്നു. മറവൻതുരുത്ത് തുരുത്തുമ്മ തൂക്കുപാലത്തിനോടു ചേർന്നാണ് ഫ്ളോട്ടിംഗ് ബോട്ട് ജെട്ടിയുടെ നിർമാണം പൂർത്തീകരിച്ചത്. മറവൻതുരുത്തിലെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കി ശ്രദ്ധയാകർഷിച്ച ആർട്ട് സ്ട്രീറ്റ് പദ്ധതിക്കു പിന്നാലെയാണ് പ്രദേശത്തെ ഉൾനാടൻ ജലഗതാഗത ടൂറിസം സാധ്യതകൾ വിപുലീകരിക്കുന്നതിനായി വാട്ടർ സ്ട്രീറ്റ് പദ്ധതിയുമായി ടൂറിസം വകുപ്പ് മുന്നോട്ടുപോകുന്നത്.
ജലാശയങ്ങളെ പുനരുജ്ജീവിപ്പിച്ച് ടൂറിസം പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന വാട്ടർ സ്ട്രീറ്റ് പദ്ധതിയുടെ വിപുലീകരണത്തിനായി മറവൻതുരുത്തിലെ തുരുത്തുമ്മ, ആറ്റുവേലക്കടവ് എന്നിവിടങ്ങളിൽ ഫ്ളോട്ടിങ് ബോട്ട് ജെട്ടി അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ടൂറിസം വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽനിന്നും 26.74 ലക്ഷം രൂപ ചെലവഴിച്ചാണ് തുരുത്തുമ്മ തൂക്കുപാലത്തിനോട് ചേർന്ന് ഫ്ളോട്ടിങ് ബോട്ട് ജെട്ടിയുടെ നിർമാണം പൂർത്തീകരിച്ചത്. ആറ്റുവേലക്കടവിലെ ഫ്ളോട്ടിങ് ബോട്ട് ജെട്ടിയുടെ നിർമാണത്തിനായി 52.27 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലായിരുന്നു ജെട്ടിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഫ്ളോട്ടിങ് ബോട്ട് ജെട്ടി പ്രവർത്തനമാരംഭിക്കുന്നതോടുകൂടി ഹൗസ് ബോട്ട് ടൂറിസം, കയാക്കിങ് തുടങ്ങിയവയിലൂടെ മറവൻതുരുത്തിന്റെ തനതു ഗ്രാമീണ പൈതൃകകാഴ്ചകളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രവർത്തനങ്ങൾക്കാണ് ടൂറിസം വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.