മലബാറിലെ കടലോര മേഖലയായ ബേപ്പൂർ കേരള ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുള്ളയിടമാണ്. മലബാർ പ്രദേശത്തിൻറെ വാണിജ്യ വികസനത്തിൻറെ കേന്ദ്രബിന്ദുവായിരുന്നു ബേപ്പൂർ തുറമുഖം. തീരദേശ സൗന്ദര്യവും മത്സ്യ സമ്പന്നതയും സമ്പുഷ്ടമാക്കിയ പ്രദേശത്തിന് ഗ്രാമീണ തനിമ പകർന്നുകൊണ്ട് ചാലിയാർ പുഴയുമുണ്ട്. നൂറ്റാണ്ടുകളായി വിവിധ മതസ്ഥരായ ജനവിഭാഗങ്ങൾ ഒത്തൊരുമയോടെ താമസിച്ചു വരുന്ന ഈ പ്രദേശത്തിൻറെ ഈ സാമുദായിക ഒരുമ തന്നെയാണ് ബേപ്പൂരിനെ ഉയരങ്ങളിലേക്ക് നയിച്ചതെന്ന് പറയാം.
ബേപ്പൂരിലെ ഉരു നിർമ്മാണം കോഴിക്കോടിനെ ഇന്നും പ്രശസ്തിയിൽ നിർത്തുന്ന ഒന്നാണ്. കപ്പലുകളെയും വലിയ ബോട്ടുകളെയും അപേക്ഷിച്ച് വെള്ളം കുറഞ്ഞ മേഖലകളിലൂടെയും സഞ്ചരിക്കാവുന്ന നാടൻ ചരക്കു കപ്പലുകളായിരുന്നു ‘ഉരു’. ‘ബേപ്പൂർ ഉരു’ ഒരു കുലീനചിഹ്നമായിട്ടാണ് ഇന്നും അറബ് സമൂഹം കണക്കാക്കുന്നത്.
അറബിക്കടൽ, ചാലിയാർ പുഴ, തീരത്തുനിന്നും പുഴയിലും കടലിലുമായി ഒരു കിലോമീറ്റർ ദൂരത്തിലുള്ള പുലിമുട്ട്, ബേപ്പൂർ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷി സങ്കേതം, കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം, അപൂർവ്വകണ്ടൽച്ചെടികളുടെ പച്ചപ്പു നിറഞ്ഞ കണ്ടൽക്കാടുകൾ എന്നിങ്ങനെ വിവിധ ആകർഷണങ്ങളും കലാസാംസ്കാരിക തനിമയും, ഭക്ഷണ വൈവിധ്യവും, ഗ്രാമീണ ജീവിത രീതികളും ഉൾപ്പെടെ ഒരു വിനോദസഞ്ചാര സഞ്ചാര കേന്ദ്രത്തിനു ആവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരു സ്ഥലമാണ് ബേപ്പൂർ. ബേപ്പൂർ ടൂറിസം ഡെസ്റ്റിനേഷനെ ഏറ്റവും മികച്ച ഒരു ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷൻ ആക്കി മാറുന്നതിനുള്ള ഒരു സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയാണ് കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പിലാക്കുന്നത്.
•പദ്ധതിയുടെ ദൗത്യവും കാഴ്ചപ്പാടും
പങ്കാളിത്ത ടൂറിസം വികസനം പ്രക്രിയയിലൂടെ ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ദൌത്യം. ഉത്തരവാദിത്ത ടൂറിസം മിഷൻറെ ‘പെപ്പർ’, ‘മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങൾ’ എന്നീ പദ്ധതികളുടെ സംയോജിത മാതൃകയിലൂടെ ഘട്ടം ഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകയായ ഒരു ഉത്തരവാദിത്ത ടൂറിസം കേന്ദ്രം ആക്കി മാറ്റുവാൻ സാധിക്കും എന്നുള്ളതാണ് ഈ പദ്ധതിയുടെ കാഴ്ചപ്പാട്. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ സഞ്ചാരികൾക്ക് ഗുണനിലവാരമുള്ള സേവനങ്ങളും, അദ്വിതീയമായ യാത്രാനുഭവങ്ങളും പകർന്നു നൽകുന്നതോടൊപ്പം, പ്രാദേശിക ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പ്രാദേശിക സാമ്പത്തിക വികസനം, ടൂറിസത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക ജനതയുടെ ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളിൽ ശേഷി വർദ്ധിപ്പിക്കൽ അതിനാവശ്യമായ പരിശീലനങ്ങൾ, ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ വികസനം സ്ത്രീ ശാക്തീകരണം എന്നിവയും ലക്ഷ്യമിടുന്നു.
• പദ്ധതി പ്രദേശം
ബേപ്പൂർ ബീച്ചും, തുറമുഖവും, പരിസര പ്രദേശങ്ങളും, പക്ഷി സങ്കേതവും, അഴിമുഖവും ഉൾപ്പെടുന്ന കടലുണ്ടിയും, ചാലിയാർ പുഴയുടെ തീരപ്രദേശവും, ബേപ്പൂരിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശവും ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ‘ബേപ്പൂർ സമഗ്ര ടൂറിസം വികസന പദ്ധതി’യിൽ ഉൾപ്പെടുന്നത്. ഒരു അതിരുകെട്ടി തിരിക്കാവുന്ന പ്രവർത്തനമല്ല ടൂറിസം എന്നിരുന്നാലും, പദ്ധതി നിർവ്വഹണത്തിനായി നിശ്ചയിച്ചിരിക്കുന്ന അതിരുകൾ ഇവയാണ്.
• കോഴിക്കോട് കോർപറേഷൻ ബേപ്പൂർ സോൺ
• കോഴിക്കോട് കോർപറേഷൻ ചെറുവണ്ണൂർ- നല്ലളം സോൺ
• ഫറോക്ക് മുനിസിപ്പാലിറ്റി
• രാമനാട്ടുകര മുനിസിപ്പാലിറ്റി
• കടലുണ്ടി ഗ്രാമപഞ്ചായത്ത്
• ചാലിയാർ റിവർ സ്ട്രെച്
• ബേപ്പൂർ പ്രദേശത്തെ കായൽ പ്രദേശങ്ങൾ (Backwaters Stretch)
• ബേപ്പൂർ പ്രദേശത്തെ ബീച്ച് പ്രദേശങ്ങൾ
• ബേപ്പൂർ പ്രദേശത്തെ ചരിത്ര –പൈതൃക സ്മാരകങ്ങൾ
• ബേപ്പൂർ പ്രദേശത്തെ ചരിത്ര പ്രധാന്യമുള്ള പ്രദേശങ്ങൾ
പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ
വിവിധ ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു.
പദ്ധതി പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായുള്ള ആലോചനാ യോഗം 13/07/2021 നു ഓൺലൈൻ ആയി നടന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ രാമനാട്ടുകര, ഫറൂക്ക്, കടലുണ്ടി, ബേപ്പൂർ ചെറുവണ്ണൂർ -നല്ലളം പ്രദേശം എന്നിവിടങ്ങളിലെ ടൂറിസം റിസോഴ്സ് മാപ്പിംഗ് നടക്കുകയും ഈ പ്രദേശങ്ങളുടെ ടൂറിസം റിസോഴ്സ് ഡയറക്ടറി തയ്യാറാക്കുകയും ചെയ്തു. പദ്ധതിയുടെ ഔപചാരിക ഉത്ഘാടനം 2021 നവംബർ 28 നു നടന്നു. തുടർന്നു ഡിസംബർ മാസത്തിൽ നടന്ന സ്പെഷ്യൽ ടൂറിസം ഗ്രാമ സഭകളിൽ റിസോഴ്സ് ഡയറക്ടറികൾ ചർച്ച ചെയ്യുകയും, ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. തയ്യാറാക്കിയ റിസോഴ്സ് ഡയറക്ടറികളിൽ നിന്നും ഇ ബ്രോഷർ, ഇ ബുക്ക് എന്നിവ തയ്യാറാക്കി പ്രകാശനം ചെയ്തു. സഞ്ചാരികൾക്കും, പ്രാദേശിക ജനതക്കും, ബന്ധപ്പെട്ട മേഖലയിൽ റിസർച് ചെയ്യുന്നവർക്കും തുടങ്ങി എവിവിധ തലങ്ങളിൽ ഉള്ളവർക്ക് വളരെ പ്രയോജനകരമാകുന്ന വിധത്തിൽ വേഗത്തിൽ ലഭ്യമാകുന്ന തരത്തിൽ ആണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ബേപ്പൂരിലെ ഉത്തരവാദിത്ത ടൂറിസം പാക്കേജുകളുടെ ഇംഗ്ലീഷ്, ഹിന്ദി, മലയാള ഭാഷകളിലെ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളെയും രക്ഷിതാക്കളെയും ലക്ഷ്യമാക്കിയുള്ള ബേ പൂർ ഉത്തരവാദിത്ത ടൂറിസം പാക്കേജുകളും തയ്യാറായിക്കഴിഞ്ഞു. ജനുവരി, ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഓൺലൈൻ ആയും, ഫിസിക്കൽ ആയും പ്രദേശ വാസികൾക്ക് കരകൌശല നിർമ്മാണം, പേപ്പർ ബാഗ്, പെപ്പർ പേന, മെഴുകുതിരി, കളിമൺ ഉപയോഗിച്ചുള്ള വിവിധ കരകൌശ വസ്തുക്കൾ എന്നിങ്ങനെ വിവിധ മേഖലയിൽ പരിശീലനങ്ങൾ നടന്നു. പരിശീലനങ്ങൾ 1000 പേരെ ലക്ഷ്യമാക്കുന്നതിനാൽ ഈ വർഷവും തുടരും.
പദ്ധതിയുടെ ഭാഗമായി പ്രദേശവാസികളായ 10 യുവാക്കൾക്ക് 3 മാസത്തെ അടിസ്ഥാന സർഫിംഗ് പരിശീലനം നടത്തി. ആദ്യ രണ്ടു മാസങ്ങളിൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സർഫ് കേന്ദ്രങ്ങളായ തിരുവനന്തപുരത്തെ കോവളത്തും , വർക്കലയിലുമായി ആദ്യ ഘട്ട പരിശീലനം പൂർത്തിയാക്കിയ ഇവർ തുടർന്ന് മാറാട്, ഗോദീശ്വരം ബീച്ചുകളിൽ പരിശീലനം നടത്തുകയുണ്ടായി. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ അടിസ്ഥാന സർഫിംഗ് പരിശീലനം പൂർത്തിയാക്കിയ ഈ പത്തുപേരെസർഫ് പരിശീലകർ ആക്കുന്നതിനുള്ള ഇന്റർനാഷണൽ സർട്ടിഫിക്കേഷന് വേണ്ട നടപടി ക്രമങ്ങൾ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ കോർഡിനേറ്റ് ചെയ്യുന്നതിന് രൂപീകരിച്ച ബേപ്പൂർ ആർ ടി ക്ലബ് ജൂൺ മാസത്തിൽ ലോഞ്ച് ചെയ്തു. ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.
ബേപ്പൂർ ടൂറിസം വികസനത്തിൽ പങ്കാളികൾ ആകുവാൻ താൽപ്പര്യം ഉള്ള ചെറുതും വലുതുമായ വിവിധ സംരഭങ്ങൾ ആരംഭിക്കുവാൻ താല്പ്പര്യമുള്ളവർക്കായി ഒരു സംരഭകത്വ മീറ്റിംഗ്, പരിശീലനം ലഭിച്ച വിവിധ ആർ ടി യൂണിറ്റുകളുടെ ഉത്ഘാടനം, ആർ ടി മിഷൻ യൂണിറ്റുകൾക്കുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയെല്ലാം ഈ ഘട്ടത്തിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന തുടർ പ്രവർത്തനങ്ങൾ.
അതോടൊപ്പം തന്നെ ബേപ്പൂർ ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകർക്കുന്നതിനായുള്ള ഫാം ട്രിപ്പുകൾ ഉൾപ്പെടെ വിവിധ പ്രചാരണ പ്രവർത്തനങ്ങളും നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു.
പ്രമുഖ വനിതാ ടൂർ ഗ്രൂപ്പുകളും ബേപ്പൂരിൽ എത്തും. ദേശീയ അന്തർദ്ദേശീയ തലത്തിൽ പ്രമുഖരായ ഉത്തരവാദിത്ത/ സുസ്ഥിര ടൂറിസം വക്താക്കൾ/ പ്രയോഗവാദികൾ എന്നിങ്ങനെ വിവിധ പ്രമുഖ വ്യക്തികൾക്കും ബെയ്പ്പൂർ ആതിഥ്യം നൽകും.