ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്റ്റ് 26 മുതൽ
സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തിൽ കേരളത്തിനു ഇടം നേടിക്കൊടുത്ത ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്റ്റിന്റെ സീസൺ 3 ആരംഭിച്ചു. 4 ദിവസമായി നടക്കുന്ന മേളയിൽ വാട്ടർ സ്‌പോർട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും ഉണ്ടാകും. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേർന്നു സംഘടിപ്പിക്കുന്ന വാട്ടർ ഫെസ്റ്റും അനുബന്ധ പരിപാടികളും ബേപ്പൂരിൽ ചാലിയാർ തീരത്തും മറീന ബീച്ചിലും ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് നടക്കുക.
5 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കൈറ്റ് ഫെസ്റ്റ് മേളയുടെ പ്രധാന ആകർഷണമാണ്. ബേപ്പൂരിൽ ജല കായിക പരിപാടികളും വൈകിട്ട് കലാ സംഗീത പരിപാടികളും പ്രതിദിനം ഉണ്ടാകും. നല്ലൂരിൽ 5 ദിവസം നീളുന്ന ഉത്തരവാദിത്ത ടൂറിസം മേള, രാജ്യാന്തര ടെക്സ്‌റ്റൈൽ ആർട്ട് ഫെസ്റ്റ് ആൻഡ് മാർക്കറ്റ് എന്നിവയും നടക്കുന്നുണ്ട്.ഫെസ്റ്റിന്റെ ഭാഗമായി ഇന്നു രാവിലെ ബീച്ചിൽ നിന്നു ബേപ്പൂരിലേക്കു മിനി മാരത്തൺ സംഘടിപ്പിക്കും. 2 ന് രാവിലെ 7നു ബീച്ചിൽ നിന്ന് ബേപ്പൂർ ബീച്ചിലേക്കു നടക്കുന്ന സൈക്കിൾ റാലിയോടെ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് തുടക്കമാകും. 29 നു വൈകിട്ട് 7നു സമാപന സമ്മേളനം നടക്കും.
ആര്യമാൻ കപ്പൽ കാണാൻ അവസരം
26 മുതൽ 29 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും ‘ആര്യമാൻ’ കപ്പലിൽ ബേപ്പൂർ തുറമുഖത്തുനിന്ന് ജനങ്ങൾക്ക് പ്രവേശിക്കാം. കപ്പൽ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമാണിത്. 2016 ഒക്ടോബറിൽ കൊച്ചിയിൽ കമ്മീഷൻ ചെയ്ത ആര്യമാൻ കൊച്ചിൻ ഷിപ്പ്യാർഡിലാണ് നിർമിച്ചത്.
ഉത്തരവാദിത്ത ടൂറിസം മിഷൻ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബേപ്പൂർ രാജ്യാന്തര ഉത്തരവാദിത്ത ടൂറിസം ആൻഡ് ടെക്സ്‌റ്റൈൽ ആർട്ട് ഫെസ്റ്റ് 26 മുതൽ 30 വരെ ഫറോക്ക് നല്ലൂർ സ്റ്റേഡിയത്തിൽ നടക്കും.ബേപ്പൂർ പാരിസൺ ഗ്രൗണ്ടിൽ വൈകീട്ട് മൂന്നു മണിക്ക് ഭക്ഷ്യമേള ആരംഭിക്കും.